കെഎസ്ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയുടെ ആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു. സോഫ്റ്റ്‌വെയർ നിലവിൽ വന്നതോടെ യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനാകും. ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ് പുതുതായി ഒരുക്കിയ സംവിധാനം. കെഎസ്ആർടിസി ബസുകൾ ലീസിന് എടുക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തന്റെ എം എൽ എ ഫണ്ടിൽ നിന്ന് രണ്ട് ബസുകൾ തിരുവനന്തപുരം ജില്ലയ്ക്ക് സംഭാവന ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ജലഗതാഗത വകുപ്പിനെയും കെ എസ് ആർ ടി സിയെയും സംയോജിപ്പിച്ചു പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചു. ജലഗതാഗത വകുപ്പ് സിയാലിൽ നിന്ന് വാടകയ്ക്ക് എടുത്ത സോളാർ ബോട്ടുകളിൽ സെപ്റ്റംബർ 30 മുതൽ പാർവതി പുത്തനാറിൽ ബോട്ടിങ് ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തിൽ പങ്കാളിയാകാനുള്ള ചർച്ചകൾ കെഎസ്ആർടിസി തുടങ്ങി. ഇതിനായി ട്രക്കുകൾ വാടകയ്ക്ക് എടുക്കുമെന്ന് മന്ത്രി അറിയിച്ചു.




0 تعليقات