സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ചയായി കൊണ്ടിരിക്കുന്ന പല വിവാദങ്ങളെയും ന്യായീകരിക്കാൻ വേണ്ടി മാത്രമായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശന്റെ വാർത്താസമ്മേളനം. സൗജന്യ ചാർട്ടേഡ് വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്ര, മന്ത്രി കെ എം ഷാജിയുടെ ആഡംബര വാഹനത്തിലെ കറക്കം, സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന പവര്‍കട്ട് ഇവയിലെല്ലാം കൃത്യമായ ഒരു മറുപടി നൽകുന്നതിന് പകരം അവയെ എല്ലാം തന്റെ വാദങ്ങൾ കൊണ്ട് ന്യായീകരിക്കുകയായിരുന്നു വി ഡി സതീശൻ.
മുഖ്യമന്ത്രിയുടെ ഇന്നത്തെ ന്യായീകരണങ്ങൾ എന്തൊക്കൊയാണന്ന് നോക്കാം..
1- മുഖ്യമന്ത്രിയുടെ ചാർട്ടേഡ് സൗജന്യ വിമാനയാത്രയിൽ ന്യായീകരണം
കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര. എന്നാൽ യാത്രയുടെ സ്പോൺസർ ആരാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ അറേഞ്ച് ചെയ്തത് തന്റെ പരിചയക്കാരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇതിൽ ഒരു തെറ്റും കാണുന്നില്ലെന്നും ഇനിയും പോകുമെന്ന് വെല്ലുവിളിക്കുകയുമായിരുന്നു വി ഡി സതീശൻ പറഞ്ഞു. ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയുന്നത് എന്തിനാണെന്നും മുഖ്യമന്ത്രിയുടെ ചോദ്യം.
2- മന്ത്രിമാരുടെ വിദേശയാത്രയില്‍ ന്യായീകരണം
സംസ്ഥാനത്ത് പ്രതികൂലമായ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും മന്ത്രിമാരുടെ വിദേശയാത്ര വലിയ വിവാദമായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി ഒ ജെ ജനീഷ്, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി, മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവരുടെ വിദേശയാത്രയായിരുന്നു വിവാദത്തിലായത്. പല മന്ത്രിമാരുടേയും വിദേശയാത്രകൾ സ്പോൺസേർഡ് യാത്രകളായിരുന്നു.
മന്ത്രിമാരെ പറഞ്ഞുവിട്ടത് താനാണ് എന്നായിരുന്നു ഈ വിഷയത്തിലെ മുഖ്യമന്ത്രിയുടെ ന്യായീകരണം. രണ്ടുദിവസം മന്ത്രിമാർ പോയിട്ട് വരുന്നത് എന്തിനാണ് വാർത്തയാക്കുന്നതെന്നും വി ഡി സതീശൻ.
3- മന്ത്രി കെ എം ഷാജിയുടെ ആഡംബരവാഹന യാത്രയിൽ ന്യായീകരണം
തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവർ കറക്കെത്തേയും ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. സുഹൃത്തിന്റെ കാർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. എന്നാൽ പൊതുഭരണ വകുപ്പിൻ്റെ അനുമതി റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ മാധ്യമങ്ങളെ പരിഹസിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
4- പവര്‍കട്ടില്‍ ന്യായീകരണം
സംസ്ഥാനത്ത് തുടരുന്ന പവർകട്ടിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും വൈദ്യുതി പ്രതിസന്ധിയാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള വി ഡി സതീശന്റെ മറുപടി. പതിവുപോലെ കഴിഞ്ഞ ഗവൺമെന്റിനെ പഴിചാരുകയും ചെയ്തു.






0 تعليقات