വിഷ്ണു വിനോദിന് സെഞ്ച്വറി; റൺവേട്ടയിൽ അഞ്ചാമൻ


തിരുവനന്തപുരം: അവസാന നിമിഷം വരെ ആകാംക്ഷ നിറഞ്ഞ കാലിക്കറ്റ്-ട്രിവാൻഡ്രം റോയൽസ് മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ വിഷ്ണു വിനോദിന് സെഞ്ച്വറി. മത്സരത്തിൽ ഏഴ് റൺസിന് ​ഗ്ലോബ്സ്റ്റാർസിനോട് പരാജയപ്പെട്ടെങ്കിലും ട്രിവാൻഡ്രത്തിന് വേണ്ടി മികച്ച പ്രകടനമാണ് വിഷ്ണു ​പുറത്തെടുത്തത്. നേരത്തെ രണ്ട് അർദ്ധ സെഞ്ച്വറികൾ നേടിയ താരം തകർപ്പൻ ഫോമിൽ തുടരുന്നത് റോയൽസിൻ്റെ കിരീടപ്രതീക്ഷകൾക്ക് കരുത്തേകുകയാണ്. കാലിക്കറ്റിന്റെ സ്പിൻ മാന്ത്രികൻ വിഗ്നേഷ് പുത്തൂരിന് മുന്നിൽ റോയൽസ് ക്യാപ്റ്റൻ ഉൾപ്പെടെയുള്ള മുൻനിര ബാറ്റർമാർ കൂടാരം കയറിയപ്പോൾ, മറുവശത്ത് വിഷ്ണു വിനോദ് കളം നിറഞ്ഞു കളിക്കുകയായിരുന്നു. 62 പന്തിൽ നിന്ന് എട്ട് പടുകൂറ്റൻ സിക്സറുകളും പത്ത് ഫോറുകളും ഉൾപ്പെടെ 118 റൺസാണ് താരം അടിച്ചുകൂട്ടിയത്. ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലെ ബാറ്റിങ് വിരുന്നിലൂടെ 341 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാനും വിഷ്ണുവിന് കഴിഞ്ഞു.  ​രണ്ടാം ഓവറിൽ തുടർച്ചയായി മൂന്ന് തവണ പന്ത് ബൗണ്ടറി കടത്തിയാണ് വിഷ്ണു വെടിക്കെട്ടിന് തിരികൊളുത്തിയത്. ഹരികൃഷ്ണനെ സിക്സർ പറത്തി ടീം സ്കോർ അമ്പത് കടത്തിയ വിഷ്ണു, ജോസ് പെരയിലിനെ ബൗണ്ടറി കടത്തിയാണ് വ്യക്തി​ഗത സ്കോർ അമ്പതിലെത്തിച്ചത്. പിന്നീട് കണ്ടത് വിഷ്ണുവിന്റെ അഴിഞ്ഞാട്ടമായിരുന്നു. പതിനാറാം ഓവറിൽ അഖിൻ സത്താറിന്റെ പന്തിൽ ബൗണ്ടറി പായിച്ച് 56 പന്തിൽ വിഷ്ണു സീസണിലെ തന്റെ ആദ്യ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. തൊട്ടടുത്ത പന്തും സിക്സർ പറത്തിയ വിഷ്ണു കാലിക്കറ്റിന്റെ പേടി സ്വപ്നമായി മാറുകയായിരുന്നു. ആ ഓവറിൽ മാത്രം ട്രിവാൻഡ്രത്തിന്റെ സ്കോർബോർഡിൽ ചേർന്നത് 28 റൺസാണ്. അഖിൻ സത്താർ, ഇബ്നുൽ, ജോസ് പെരയിൽ, അഖിൽ സ്കറിയ, ഹരികൃഷ്ണൻ എന്നിവരെല്ലാം വിഷ്ണുവിന്റെ ബാറ്റിങ് ചൂടറിഞ്ഞു. നാലാം ഓവറിൽ മാത്രം അഖിൻ സത്താറിനെതിരെ ഒരു സിക്സും ഫോറും ഉൾപ്പെടെ 14 റൺസാണ് താരം നേടിയത്. ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും ഏഴാം വിക്കറ്റിൽ ഉജ്ജ്വലിനൊപ്പം ചേർന്ന് വിഷ്ണു നടത്തിയ ചെറുത്തുനിൽപ്പാണ് മത്സരത്തിൽ ട്രിവാൻഡ്രത്തെ സജീവമാക്കിയത്. കേവലം 24 പന്തിൽ നിന്നാണ് ഇരുവരും 62 റൺസ് അടിച്ചുകൂട്ടിയത്. ഇതിൽ 49 റൺസും പിറന്നത് വിഷ്ണുവിന്റെ ബാറ്റിൽ നിന്നായിരുന്നു. ഒടുവിൽ അഖിൽ സ്കറിയയുടെ പന്തിൽ കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് ക്യാച്ച് നൽകിയാണ് വിഷ്ണുവിന്റെ ഈ വീരോചിത ഇന്നിങ്സിന് വിരാമമായത്.  ഈ നിർണായക വിജയത്തോടെ കാലിക്കറ്റ് സെമി ഫൈനലിൽ പ്രവേശിച്ചു.



إرسال تعليق

0 تعليقات