സസ്‌പെന്‍ഷന്‍ നേരിടുന്ന എം ആര്‍ അജിത് കുമാറിനുൾപ്പെടെ സ്റ്റേഷന്‍ ചുമതല; വിവാദ പട്ടിക പിന്‍വലിച്ച് സര്‍ക്കാര്‍

 

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്റ്റേഷന്‍ ചുമതല നല്‍കിയ വിവാദ പട്ടിക പിന്‍വലിച്ച് ഡിജിപി. സസ്‌പെന്‍ഷനിലായ എം ആര്‍ അജിത്കുമാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതോടെയായിരുന്നു പട്ടിക വിവാദമായത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകള്‍ മാതൃകാ സ്റ്റേഷനുകളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഡിജിപി മുതല്‍ എസ്പി വരെയുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.ഈ ഉത്തരവിലാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എം ആര്‍ അജിത് കുമാറിന് വര്‍ക്കല സ്റ്റേഷന്റെ ചുമതല നല്‍കിയത്. മാസങ്ങള്‍ക്കകം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥര്‍ അടക്കം പട്ടികയില്‍ ഉണ്ടായിരുന്നെന്നതും പാകപ്പിഴയായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഡെപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥരും പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നാലെ പട്ടിക വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് സര്‍ക്കാര്‍ ഇത് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. എം ആര്‍ അജിത് കുമാറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിൽ ആഭ്യന്തര മന്ത്രിക്കടക്കം വലിയ അതൃപ്തി ഉണ്ടായിരുന്നു എന്നാണ് വിവരം. ഇന്നലെയായിരുന്നു പട്ടിക ഡിജിപി പുറത്തിറക്കിയിരുന്നത്.59 ഉന്നത പൊലീസ് ഉദ്യോഗസ്ഥരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് ഓരോ സ്‌റ്റേഷന്റെ ചുമതല നല്‍കുന്നതായിരുന്നു ഉത്തരവ്. വിവാദ ആലപ്പുഴ രക്ഷാ പ്രവര്‍ത്തന കേസ് അട്ടിമറിച്ചു എന്ന കണ്ടെത്തലില്‍ സസ്‌പെന്‍ഷന്‍ നേരിടുന്നതിനിടെയായിരുന്നു എം ആര്‍ അജിത് കുമാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. അജിത് കുമാറിന് പദവി നല്‍കിയാല്‍ തുടര്‍ന്നും വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാകും എന്ന നിഗമനത്തിലാണ് സര്‍ക്കാര്‍ പട്ടിക പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്.



إرسال تعليق

0 تعليقات