യുവാക്കളുടെ നൂതനാശയങ്ങള്‍ സ്വീകരിക്കാന്‍ ഐഡിയാബോക്സ് വെബ്പോര്‍ട്ടല്‍ പുറത്തിറക്കി വ്യവസായമന്ത്രി പ്രഖ്യാപനം ഐഇഡിസി ഉച്ചകോടിയില്‍


തൃശ്ശൂർ:
യുവാക്കളുടെ നൂതനാശയങ്ങള്‍ സ്വീകരിക്കാനും അത് പാഴായിപ്പോകാതെ രേഖപ്പെടുത്താനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ ഐഡിയാബോക്ല് പോര്‍ട്ടല്‍ പുറത്തിറക്കി. തൃശൂര്‍ സഹൃദയ എന്‍ജിനീയിംഗ് കോളേജില്‍ കെ എസ് യുഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഐഇഡിസി (ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്റര്‍) ഉച്ചകോടിയില്‍ ഐടി-വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് പോര്‍ട്ടല്‍ പുറത്തിറക്കിയത്. ലോകോത്തരമായ ആശയങ്ങള്‍ പിറന്ന് വീണത് കാമ്പസുകളിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാമ്പസുകളിലെ ആശയങ്ങള്‍ പുറത്തു കൊണ്ടു വരാനുള്ള എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. ജെന്‍സികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ പിന്തുണ വേണം. അതിനുള്ള വഴിയാണ് പുതിയ പോര്‍ട്ടല്‍. ഐടി വിപ്ലവത്തില്‍ നിന്ന് കേരളം ഒഴിവാക്കപ്പെടില്ല എന്ന ഉറപ്പ് നല്‍കുന്നതായും മന്ത്രി പറഞ്ഞു. ഐഡിയാ ബോക്ല് എന്ന പുതിയ പോര്‍ട്ടലില്‍ ആശയങ്ങള്‍ പങ്ക് വയ്ക്കാനും അതിന്റെ പ്രവര്‍ത്തന പുരോഗതി അറിയാനുമുള്ള സംവിധാനമുണ്ടാകും(https://ideabox.startupmission.in/). സ്റ്റാര്‍ട്ടപ്പ് മിഷന്‍ അവതരിപ്പിക്കുന്ന യൂണിഫൈഡ് സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടലും ഡാഷ്ബോര്‍ഡും മന്ത്രി പുറത്തിറക്കി. ഇതിനു പുറമെ ഹൈക്കോണ്‍ ഇനോവേഷന്‍ ചലഞ്ചും മന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മികച്ച നൈപുണ്യ-സര്‍ഗ്ഗാത്മക ശേഷികള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടിയില്‍ സംസാരിച്ച ഐടി സെക്രട്ടറി സീറാം സാംബശിവറാവു പറഞ്ഞു. അതിനു വേണ്ടി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വികേന്ദ്രീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഐടിയ്ക്ക് പുറമേ വിജ്ഞാന സമ്പദ് വ്യവസ്ഥയെക്കൂടി പ്രോത്സാഹിപ്പിക്കണം. ഗവേഷണം, നൂതനത്വം, സംരംഭകത്വം എന്നിവയിലധിഷ്ഠിതമായിട്ടാണ് സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് വേണ്ടിയുള്ള സാങ്കേതിക ഉത്പന്നങ്ങള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാനാകണമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റുകയെന്നതാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രാഥമികമായ ലക്ഷ്യം. നൂതനാശയങ്ങള്‍ ഉത്പന്നങ്ങളാക്കി മാറ്റാനുള്ള വെബ്സൈറ്റിനാണ് തുടക്കമാകുന്നത്. സാങ്കേതികപരിജ്ഞാനം ഉള്ളയാള്‍ക്കും ഇല്ലാത്തവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും അത് ഉത്പന്നമാക്കി പരിണമിപ്പിക്കാനുമുള്ള സംവിധാനമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി എംഎല്‍എ ടി ജെ സനീഷ് കുമാര്‍, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്,  ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി പ്രിന്‍സിപ്പല്‍ രാംകുമാര്‍ എസ്, കേരള ഇഡിസി ഉച്ചകോടി സംയോജകന്‍ ജിബിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. "ഇനോവേഷൻ ബിയോണ്ട് ദ ഫ്യൂച്ചർ" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ അയ്യായിരത്തിലധികം യുവ പ്രതിഭകളും വിദ്യാർത്ഥികളും സംരംഭകരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുത്തു.



Post a Comment

0 Comments