ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ


തൃശ്ശൂർ:
ആരോഗ്യപരിപാലനം, ക്യാമ്പസ് സേവനങ്ങൾ, കൃഷി, നാവിഗേഷൻ തുടങ്ങിയ മേഖലകളിലെ പ്രായോഗിക വെല്ലുവിളികൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾക്ക് സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ഐഇഡിസി ഉച്ചകോടി 2026-ലെ സ്റ്റാർട്ടപ്പ് എക്സ്പോ. കേരള സ്റ്റാർട്ടും മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാർത്ഥി–യുവജന സംരംഭകത്വ സംഗമങ്ങളിലൊന്നായ ഈ ഉച്ചകോടിയിൽ, സംസ്ഥാനത്തെ വിവിധ എൻജിനീയറിങ് കോളേജുകളിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത ആശയങ്ങളും മാതൃകകളുമാണ് പ്രദർശിപ്പിച്ചത്. തൃശ്ശൂർ സഹൃദയ എൻജിനീയറിംഗ് ആൻഡ് ടെക്നോളജി കോളജിൽ ആയിരുന്നു ഐഇഡിസി ഉച്ചകോടി. യു.കെ.എഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച 'ക്യാമ്പസ് മിത്ര' എന്ന വഴികാട്ടി സംവിധാനം എക്സ്പോയിൽ  ശ്രദ്ധ നേടി. ഗൂഗിൾ മാപ്പ് അധിഷ്ഠിതമായി ക്യാമ്പസിലെ വിവിധ ഡിപ്പാർട്ട്‌മെൻ്റുകൾ, അഡ്മിഷൻ വിവരങ്ങൾ തുടങ്ങിയവ സന്ദർശകർക്ക് എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ഈ സംവിധാനത്തിൽ, ശബ്ദ നിർദ്ദേശങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന 'ലില്ലി' എന്ന റോബോട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് രൂപ നാണയം നിക്ഷേപിച്ചാൽ സാനിറ്ററി പാഡ് ലഭ്യമാകുന്ന വെൻഡിങ് മെഷീനും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ക്യാമ്പസ് മിത്ര ടീമംഗം അക്ഷയ് അനിൽ വ്യക്തമാക്കി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ക്യാമ്പസ് കോമ്പസ്' എന്ന നാവിഗേഷൻ സംവിധാനം വലിയ ക്യാമ്പസുകളിൽ  കൃത്യമായ ദിശാസൂചനകൾ നൽകാൻ സഹായിക്കുന്നതാണെന്ന് ടീമംഗം മരിയ ഷിജു ചൂണ്ടിക്കാട്ടി. ഐഇഡിസി ഉച്ചകോടിയുടെ മൊബൈൽ ആപ്പുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി വേദി, സമയം, ഫുഡ് കോർട്ട്, രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാകും. ആരോഗ്യ സംരക്ഷണ രംഗത്തെ ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളും എക്സ്പോയിൽ ഇടംപിടിച്ചു. കൊടകര സഹൃദയ കോളേജ് വിദ്യാർത്ഥികളുടെ 'ലൈഫോറ ഡയഗ്നോസിസ്' എന്ന സംരംഭം പെരിറ്റോണിയൽ ഡയാലിസിസ് നിരീക്ഷിക്കാനുള്ള നൂതന ഉപകരണം അവതരിപ്പിച്ചു. ഡയാലിസിസ് ദ്രാവകത്തിന്റെ ടർബിഡിറ്റി, പിഎച്ച്, ഒഴുക്ക് എന്നിവ അളന്ന് വിവരങ്ങൾ ക്ലൗഡിലേക്ക് അയക്കുന്നതിലൂടെ ഡോക്ടർമാർക്ക് മറ്റ് സ്ഥലങ്ങളിൽ ഇരുന്നും അണുബാധയുടെ സാധ്യതകൾ കണ്ടെത്താനാകുമെന്ന് ടീമംഗം പി. ഐശ്വര്യ പറഞ്ഞു. ശ്വാസതടസ്സം നേരിടുന്ന നവജാതശിശുക്കൾക്കായുള്ള ബബിൾ സി-പാപ് ഉപകരണങ്ങളും ഹൈ-ഫ്ലോ നേസൽ കാൻയുല തെറാപ്പിക്ക് ആവശ്യമായ ഉപകരണങ്ങളുമാണ് 'ഹെക ഫ്ലോ' എന്ന സ്റ്റാർട്ടപ്പ് പ്രദർശിപ്പിച്ചത്. കൃഷി, ഉപഭോക്തൃ ഉൽപ്പന്ന മേഖലയിൽ തൃശ്ശൂർ കൊരട്ടിയിൽ നിന്നുള്ള 'ആഡംസ് മഷ്റൂംസ്' അവതരിപ്പിച്ച 'ഗ്രോ ദി ഫംഗൈ' എന്ന സംരംഭവും സന്ദർശകരെ ആകർഷിച്ചു. ഫ്രഷ് കൂണുകൾ, കൂൺ പൊടി, ടിങ്ക്‌ചർ തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പുറമെ, കൃഷിക്ക് ആവശ്യമായ വിത്ത്, പെല്ലറ്റ്, കവറുകൾ എന്നിവയും പുതിയ കർഷകർക്കായി കൂൺ കൃഷി മുറികൾ സജ്ജീകരിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകിവരുന്നതായി ടീമംഗം ശ്രീലക്ഷ്മി സി.എസ് വ്യക്തമാക്കി. ഡിജിറ്റൽ സേവനങ്ങൾ, ആരോഗ്യ സാങ്കേതികവിദ്യ, കൃഷി എന്നീ വൈവിധ്യമാർന്ന മേഖലകളിൽ ഐഇഡിസി ആവാസവ്യവസ്ഥയിലൂടെ ഉയർന്നുവരുന്ന വിദ്യാർത്ഥികളുടെ ശേഷി തെളിയിക്കുന്നതായിരുന്നു എക്സ്പോയിലെ പ്രദർശനങ്ങൾ. വിദ്യാർത്ഥി ഇന്നൊവേറ്റർമാർ, വളർന്നുവരുന്ന സംരംഭകർ, മെന്റർമാർ, വ്യവസായ പ്രമുഖർ എന്നിവരെ ഒരൊറ്റ വേദിയിൽ അണിനിരത്തിക്കൊണ്ട് കൊടകര സഹൃദയ എൻജിനീയറിങ് കോളേജിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഐഇഡിസി ഉച്ചകോടിയുടെ പ്രധാന ആകർഷണമായി സ്റ്റാർട്ടപ്പ് എക്സ്പോ മാറിയിട്ടുണ്ട്.



Post a Comment

0 Comments