മെക്സിക്കൻ ഗായകൻ ജെനറൽ ജെ വിറ്റും ഗർഭിണിയായ ഭാര്യയും മകളും വെടിയേറ്റു മരിച്ചു; ആറുവയസ്സുകാരനായ മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു


പ്രശസ്ത മെക്സിക്കൻ പ്രാദേശിക സംഗീതജ്ഞനും ‘ജെനറൽ ജെ വിറ്റ്’ എന്ന പേരിൽ അറിയപ്പെടുന്ന ജോനാഥൻ മെലെൻഡെസും (26) കുടുംബവും ദാരുണമായി കൊല്ലപ്പെട്ടു. മെക്സിക്കോയിലെ മിചോവാക്കൻ സംസ്ഥാനത്തിലുള്ള പിരിന്ദാബനിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ജോനാഥൻ മെലെൻഡെസ്, അദ്ദേഹത്തിന്റെ എട്ടുമാസം ഗർഭിണിയായ ഭാര്യ ആഞ്ജല, മൂന്നുവയസ്സുകാരിയായ മകൾ, വീട്ടുജോലിക്കാരി (നാനി) എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. ഇവരുടെ വളർത്തുനായയെയും അക്രമികൾ വെടിവെച്ചുകൊന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ഇവരുടെ ആറുവയസ്സുകാരനായ മകൻ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബം സഞ്ചരിച്ചിരുന്ന ട്രക്കിന് നേരെ അജ്ഞാതരായ തോക്കുധാരികൾ വൻതോതിൽ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് നിരവധി തിരകളും തോക്കുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കുപ്രസിദ്ധമായ മയക്കുമരുന്ന് മാഫിയകളുടെയും അക്രമസംഘങ്ങളുടെയും കേന്ദ്രമായ മിചോവാക്കനിൽ ഉയർന്നുവന്ന പ്രതികാര ആക്രമണമാണ് ഇതെന്ന് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



Post a Comment

0 Comments