തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന വോട്ട് തട്ടിപ്പിനെ വിമർശിച്ച് ഡോ. ടി എം തോമസ് ഐസക്. ബിജെപിക്കാർ പറയുന്ന ന്യായം ഇതിനു മുമ്പും എസ്ഐആർ നടത്തിയിട്ടുണ്ടെന്നാണെന്നും എന്നാൽ അവ തമ്മിൽ വ്യത്യാസമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. പേര് ഒന്നാണെങ്കിലും ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത് ഇതുവരെ നടക്കാത്ത കാര്യങ്ങളാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.മുൻകാലങ്ങളിൽ ഒരു വോട്ടറെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെങ്കിൽ വ്യക്തമായ തെളിവു വേണമായിരുന്നു, എന്നാൽ ഇന്ന് എന്തെങ്കിലും തൊടുന്യായം പറഞ്ഞ് ആളെ മാറ്റുമെന്നും തോമസ് ഐസക് പറഞ്ഞു. മുൻകാലങ്ങളിൽ 6-8 മാസംകൊണ്ടാണ് വോട്ടർ പട്ടികയിൽ തീവ്രപരിഷ്കരണം നടത്തിയിരുന്നതെന്നും ഇപ്പോൾ ഏറിയാൽ മൂന്ന് മാസമാണ് കണക്കെന്നും ഐസക് വിമർശിച്ചു.തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന വോട്ട് തട്ടിപ്പിനെ ന്യായീകരിക്കാൻ ബിജെപിക്കാർ പറയുന്ന ന്യായം ഇതിനു മുമ്പും എസ്ഐആർ (വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ) നടത്തിയിട്ടുണ്ടെന്നാണ്. പേര് ഒന്നാണെങ്കിലും ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത് ഇതുവരെ നടക്കാത്ത കാര്യങ്ങളാണ്.ഒന്ന്, മുൻകാലങ്ങളിൽ ഒരു വോട്ടറെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെങ്കിൽ വ്യക്തമായ തെളിവു വേണം. അതല്ലെങ്കിൽ ഇതു സംബന്ധിച്ച് എഴുതിയുള്ള ആക്ഷേപം വേണം. ആക്ഷേപം നൽകുന്ന ആളിന്റെ ചുമതലയാണ് അത് തെളിയിക്കുക എന്നുള്ളത്. എന്നാൽ ഗ്യാനേഷ് കുമാർ ഇതാകെ മാറ്റി. യാഥാർത്ഥ്യം തെളിയിക്കാനുള്ള ചുമതല വോട്ടറുടേതാക്കി മാറ്റി. എന്തെങ്കിലും തൊടുന്യായം പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്ന് ആളെ മാറ്റും, പിന്നെ വസ്തുത തെളിയിക്കൽ വോട്ടർമാരുടെ പാടായി.
രണ്ട്, ആരും ആക്ഷേപം നൽകിയില്ലെങ്കിലും 2002-2004-ലെ പരിഷ്കരിച്ച വോട്ടർ പട്ടികയിൽ പേര് ഇല്ലെങ്കിൽ നീക്കം ചെയ്യും. സ്വന്തം പേരിലോ അച്ഛന്റെ പേരിലോ എന്തെങ്കിലും സ്പെല്ലിംഗ് മിസ്റ്റേക്ക് മതി നീക്കം ചെയ്യാൻ. അതിനൊരു സോഫ്ടുവെയർ ഉണ്ടാക്കിയിട്ടുണ്ട്. ഇതുപോലെ 6-7 കാരണങ്ങൾവച്ച് 13 കോടി ആളുകളെയാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഒരുകാലത്തും ഇങ്ങനെ നടന്നിട്ടില്ല.മൂന്ന്, നീക്കം ചെയ്തവർ പിന്നെ തെളിവുകൾ ഹാജരാക്കണം. തെളിവുകളാകട്ടെ പൗരത്വം തെളിയിക്കാൻ രേഖകളാണുതാനും. സാധാരണ പൗരർക്ക് ഇതിന്റെ രേഖകളെല്ലാം ഹാജരാക്കുക വളരെ പ്രയാസമാണ്. ഒരുകാലത്തും പൗരത്വവും വോട്ടർ പട്ടികയും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല. ഇനിയിപ്പോൾ വോട്ടർ പട്ടികയിൽ പേര് ഇല്ലെങ്കിൽ റേഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകില്ലായെന്നാണ് സർക്കാർ പറയുന്നത്. അതോടെ പ്രശ്നംകൂടുതൽ സങ്കീർണ്ണമായി.
നാല്, മുൻകാലങ്ങളിൽ 6-8 മാസംകൊണ്ടാണ് വോട്ടർ പട്ടികയിൽ തീവ്രപരിഷ്കരണം നടത്തിയിരുന്നത്. ഇപ്പോൾ ഏറിയാൽ മൂന്ന് മാസം. സുപ്രിം കോടതി കനിയണം ഇത് നീട്ടിക്കിട്ടണമെങ്കിൽ. തീർന്നില്ല, മുമ്പ് ഒരുകാലത്തും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത് നടത്താറില്ല. ഇപ്പോൾ തീവ്രപരിഷ്കരണം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യുന്നു. തെരഞ്ഞെടുപ്പിന് മുമ്പും നീക്കം ചെയ്തവരിൽ ചെറിയൊരു ശതമാനത്തിനു മാത്രമേ വീണ്ടും പട്ടികയിൽ ഇടംപിടിക്കാൻ കഴിയൂ. അങ്ങനെ ഇഷ്ടമില്ലാത്തവർക്ക് വോട്ട് നിഷേധിക്കുന്ന പരിപാടിയായി ഇതുമാറി.






0 تعليقات