ചോറിനൊപ്പം കഴിക്കാൻ എന്ത് കറിയുണ്ടാക്കും എന്ന ടെൻഷനിലാണോ? കറിയൊന്നുമില്ലെങ്കിലും ഒരു പ്ലേറ്റ് ചോറ് മുഴുവൻ കഴിക്കാൻ കൂട്ടിന് ഈ ചമ്മന്തി മാത്രം മതി. നല്ല എരിവും പുളിയുമുള്ള മുളക് ചമ്മന്തിയെ കുറിച്ചാണ് പറയുന്നത്. വളരെ എലുപ്പത്തിലും വേഗത്തിലും തയ്യാറാക്കാൻ പറ്റുന്ന ഒരു കറിയാണിത്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ഉണക്കമുളക്: എരിവുള്ളത് – 10 എണ്ണം, എരിവില്ലാത്തത് – 10 മുതൽ 15 എണ്ണം വരെ
ചെറിയ ഉള്ളി (കൊച്ചുള്ളി): ആവശ്യത്തിന്
ഇഞ്ചി: ഒരു ചെറിയ കഷ്ണം
കറിവേപ്പില: ആവശ്യത്തിന്
വെളിച്ചെണ്ണ: ആവശ്യത്തിന്
തൈര്: 2 ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ആദ്യം മുളക് വറുത്തെടുക്കണം. ഇതിനായി ഒരു കടായിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി എരിവുള്ളതും എരിവില്ലാത്തതുമായ ഉണക്കമുളക് ഇട്ട് വറുത്തെടുത്ത് മാറ്റാം. ഇനി അതേ എണ്ണയിലേക്ക് ചെറിയ ഉള്ളി, ചെറുതായി അരിഞ്ഞ ഇഞ്ചി, കറിവേപ്പിയും ചേർത്ത് വഴറ്റാം.
ഉള്ളി അധികം മൊരിഞ്ഞു പോകരുത്. ശേഷം കോരി മാറ്റാം. വറുത്തു വെച്ചിരിക്കുന്ന മുളക് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് വഴറ്റി വെച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് ഒരുപാട് അരഞ്ഞുപോകാതെ ഒന്നോ രണ്ടോ തവണ മാത്രം മിക്സിയിൽ കറക്കിയെടുക്കണം. അരച്ചെടുത്ത ഈ മിക്സ് ഒരു പാത്രത്തിലേക്ക് മാറ്റി, 2 ടീസ്പൂൺ പുളിയുള്ള തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചാൽ നല്ല ടേസ്റ്റി ചമ്മന്തി റെഡി.






0 تعليقات