ക്രിസ്പിയായ ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം കൂടിയാണ് ഫ്രഞ്ച് ഫ്രൈസ്. ചിലരാകട്ടെ നാലുമണി പലഹാരമായും ഫ്രഞ്ച് ഫ്രൈസ് കുട്ടികൾക്ക് നൽകാറുണ്ട്. ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന മുതിർന്നവരമുണ്ട്. എന്നാൽ ഫ്രഞ്ച് ഫ്രൈസിൽ അടങ്ങിയിരിക്കുന്ന എണ്ണ എല്ലാവർക്കും ആരോഗ്യപരമായി ഗുണം ചെയ്തെന്ന് വന്നേക്കില്ല. ഈ പ്രശ്നം ഉള്ളതുകൊണ്ട് പലരും ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ഒഴിവാക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിച്ചാലോ. ഒരൽപം എണ്ണ പോലും ഉപയോഗിക്കാതെ ക്രിസ്പിയായിട്ടുള്ള ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ് ( ആവശ്യമുള്ളത് )
- കുരുമുളക് പൊടി
- ഗാർളിക് പൗഡർ
- കോൺസ്റ്റാർച്ച്
- ഉപ്പ്
- മുളകുപൊടി
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങിന്റെ തൊലി കളഞ്ഞ് നീളത്തിലും ഒരേ കനത്തിലും (ഫ്രഞ്ച് ഫ്രൈസ് ആകൃതിയിൽ) മുറിച്ചെടുക്കുക. ശേഷം ഇവ 15 മിനിറ്റ് തണുത്ത വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഇത് കിഴങ്ങിലെ അധികമുള്ള സ്റ്റാർച്ച് കളയാൻ സഹായിക്കും. ഫ്രൈസ് കൂടുതൽ ക്രിസ്പിയാകും. അതിനുശേഷം കഷ്ണങ്ങളെ വെള്ളത്തിൽ നിന്ന് മാറ്റുക.
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് അല്പം ഉപ്പും ഉരുളക്കിഴങ്ങും ചേർക്കുക. 5 മിനിറ്റ് മാത്രം തിളപ്പിച്ച ശേഷം (പകുതി വേവാകുമ്പോൾ) വെള്ളം പൂർണ്ണമായും മാറ്റി ഒരു കോട്ടൺ തുണിയിലോ പേപ്പർ ടവലിലോ നിരത്തി ഈർപ്പം പൂർണ്ണമായും ഒപ്പിയെടുക്കുക. ഈർപ്പം മാറിയ ഉരുളക്കിഴങ്ങിലേക്ക് ആവശ്യത്തിന് മുളകുപൊടി, കുരുമുളകുപൊടി, ഗാർലിക് പൗഡർ, അല്പം കോൺസ്റ്റാർച്ച് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
എണ്ണയില്ലാതെ പൊരിച്ചെടുക്കാം
- ഓവൻ ഉപയോഗിക്കുക
ഓവൻ 220 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുക. ബേക്കിംഗ് ട്രേയിൽ ബേക്കിംഗ് പേപ്പർ വിരിച്ച് ഉരുളക്കിഴങ്ങ് കഷണങ്ങൾ ഒന്നിന് മുകളിൽ ഒന്ന് വരാത്ത രീതിയിൽ നിരത്തി വെക്കുക. 40 മിനിറ്റ് ബേക്ക് ചെയ്യുക. പകുതി സമയമാകുമ്പോൾ ഇതൊന്ന് തിരിച്ചിട്ടു കൊടുക്കണം.
- എയർ ഫ്രയർ ഉപയോഗിക്കുക
എയർ ഫ്രയർ ഉപയോഗിക്കുകയാണെങ്കിൽ എയർ ഫ്രയർ ബാസ്കറ്റിലേക്ക് ഉരുളക്കിഴങ്ങ് കഷണങ്ങൾ നിരത്തി ഇടുക. 200 ഡിഗ്രി സെൽഷ്യസ് താപനിലയിൽ 15 മുതൽ 18 മിനിറ്റ് വരെ എയർ ഫ്രൈ ചെയ്യുക. കൃത്യമായ വേവ് കിട്ടാൻ പകുതി സമയമാകുമ്പോൾ ബാസ്കറ്റ് പുറത്തെടുത്ത് നന്നായി ഒന്ന് കുലുക്കി കൊടുക്കുക.





0 Comments