ശരീരഭാരം കുറഞ്ഞില്ലെങ്കിലും പ്രശ്‌നമില്ല; നിങ്ങൾ ഫിറ്റാണെന്ന് മനസിലാക്കാൻ ഈ അഞ്ച് ലക്ഷണങ്ങൾ നോക്കൂ!


കഠിനമായി വ്യായാമം ചെയ്‌തിട്ടും വെയിങ് മെഷീനിലെ അക്കങ്ങളിൽ മാറ്റമൊന്നും കാണാത്തതുകൊണ്ട് നിരാശപ്പെടാറുണ്ടോ? പഴയ വസ്ത്രങ്ങൾ പാകമാകുന്നുണ്ടോ എന്നതും ശരീരഭാരം എത്രത്തോളം കുറഞ്ഞു എന്നതും നോക്കിയാണ് ഭൂരിഭാഗം പേരും തങ്ങളുടെ ഫിറ്റ്നസ് അളക്കാറുള്ളത്. എന്നാൽ നമ്മൾ ശരിയായ ദിശയിലാണോ മുന്നോട്ട് പോകുന്നതെന്ന് മനസിലാക്കാൻ ശരീരത്തിന് പുറത്ത് കാണുന്ന ഈ മാറ്റങ്ങൾ മാത്രം പോരാ. യഥാർഥത്തിൽ നിങ്ങളുടെ ഉള്ളിലെ ആരോഗ്യം, പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യം, എത്രത്തോളം മെച്ചപ്പെടുന്നുണ്ട് എന്നതാണ് കൂടുതൽ പ്രധാനം. ശരീരഭാരം കുറയുകയോ പേശികൾ രൂപപ്പെടുകയോ ചെയ്‌തില്ലെങ്കിൽ പോലും, നിങ്ങളുടെ ഫിറ്റ്നസ് മികച്ച രീതിയിൽ മാറുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ചില സൂചനകളുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. പ്രമുഖ ഫിറ്റ്നസ് പ്ലാറ്റ്ഫോമായ കൾട്ടിലെ ഫിറ്റ്നസ് വിദഗ്‌ധനായ ചന്ദന ജഗദീശൻ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു: "സാധാരണയായി ആളുകൾ തങ്ങളുടെ ഫിറ്റ്നസ് അളക്കുന്നത് ശരീരഭാരം നോക്കിയും ജിമ്മിൽ എത്രത്തോളം ഭാരം ഉയർത്തുന്നു എന്ന് നോക്കിയുമാണ്. എന്നാൽ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൻ്റെ പവർ എഞ്ചിനായ കാർഡിയോവാസലർ സിസ്റ്റം ഫിറ്റ്നസിനെ അടയാളപ്പെടുത്തുന്നത് തികച്ചും വ്യത്യസ്‌തമായ രീതിയിലാണ്," ചന്ദന പറയുന്നു. ഫിറ്റ്നസ് മെച്ചപ്പെടുന്നു എന്നത് എല്ലായ്പ്പോഴും ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കണമെന്നില്ല. പകരം, ദൈനംദിന കാര്യങ്ങൾ എത്രത്തോളം എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നു എന്നതിലൂടെയും, വ്യായാമത്തിന് ശേഷം എത്ര വേഗത്തിൽ ശരീരത്തിന് ക്ഷീണം മാറുന്നു എന്നതിലൂടെയുമാണ് ഇത് മനസ്സിലാക്കേണ്ടത്. ഹൃദയവും ശ്വാസകോശവും രക്തക്കുഴലുകളും എത്രത്തോളം കാര്യക്ഷമമായി ശരീരത്തിൽ ഓക്‌സിജൻ എത്തിക്കുന്നു എന്നതാണ് കാർഡിയോവാസ്‌കുലർ ഫിറ്റ്നസ് കൊണ്ട് അർഥമാക്കുന്നത്. കാർഡിയോവാസ്കു‌ലർ ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന അഞ്ച് 

പ്രധാന ലക്ഷണങ്ങൾ:

1. കുറഞ്ഞ വിശ്രമ ഹൃദയമിടിപ്പും രക്തസമ്മർദവും

ഹൃദയപേശികൾക്ക് കരുത്ത് കൂടുമ്പോൾ, ഓരോ തവണയും ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കൂടുതൽ കാര്യക്ഷമമാകും. ഇത് വിശ്രമ സമയത്തെ ഹൃദയമിടിപ്പ് കുറയാനും രക്തസമ്മർദം ആരോഗ്യകരമായ നിലയിലാകാനും സഹായിക്കും.

2. നല്ല ഊർജവും സുഖകരമായ ഉറക്കവും

രക്തചംക്രമണം മെച്ചപ്പെടുമ്പോൾ തലച്ചോറിലേക്കും ശരീരത്തിലേക്കും ആവശ്യമായ ഓക്സിജൻ കൃത്യമായി ലഭിക്കുന്നു. ഇത് ദിവസം മുഴുവൻ മികച്ച ഊർജം നിലനിർത്താൻ സഹായിക്കും. സ്ഥിരമായി കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നത് കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കാനും രാത്രിയിൽ നല്ല ആഴത്തിലുള്ള ഉറക്കം ലഭിക്കാനും സഹായിക്കും.

3. വ്യായാമങ്ങൾ എളുപ്പമാകുന്നു

തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്ന ഓട്ടം, ജോഗിങ്, പടികൾ കയറൽ എന്നിവ പിന്നീട് വളരെ എളുപ്പമുള്ളതായി തോന്നും. ശരീരം കൂടുതൽ കാര്യക്ഷമമായി ഓക്‌സിജൻ ഉപയോഗിക്കാൻ തുടങ്ങുന്നതിന്റെ്റെ വ്യക്തമായ ലക്ഷണമാണിത്.

4. പെട്ടെന്നുള്ള റിക്കവറി

കാർഡിയോവാസ്‌കുലർ ഫിറ്റ്‌നസ് മെച്ചപ്പെടുമ്പോൾ, വ്യായാമത്തിന് ശേഷം വളരെ വേഗത്തിൽ തന്നെ നിങ്ങളുടെ ഹൃദയമിടിപ്പ് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തും. വ്യായാമങ്ങളോട് ശരീരം നന്നായി പൊരുത്തപ്പെടുന്നു എന്നാണ് ഈ വേഗത്തിലുള്ള റിക്കവറി സൂചിപ്പിക്കുന്നത്.

5. ദൈനംദിന ജോലികളിലെ ആയാസം കുറയുന്നു. ഭാരമുള്ള സാധനങ്ങൾ എടുക്കുന്നതും കുട്ടികൾക്കൊപ്പം കളിക്കുന്നതുമെല്ലാം മുമ്പത്തേക്കാൾ വളരെ എളുപ്പമുള്ള കാര്യമായി മാറും. മുമ്പ് ചെയ്‌തിരുന്ന അതേ ജോലികൾ ചെയ്യുമ്പോൾ ഇപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടാതിരിക്കുകയും ഹൃദയമിടിപ്പ് അമിതമായി വർധിക്കാതിരിക്കുകയും ചെയ്യുന്നത് ഫിറ്റ്നസ് മെച്ചപ്പെടുന്നതിൻ്റെ ലക്ഷണമാണ്.


വ്യായാമം ചെയ്യുമ്പോൾ ട്രാക്ക് ചെയ്യേണ്ട കാര്യങ്ങൾ:

വെറും ശരീരഭാരവും കലോറിയും പേശികളും മാത്രം നോക്കാതെ, വ്യായാമത്തോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിലെ മാറ്റങ്ങൾ ശ്രദ്ധിക്കാൻ ഫിറ്റ്നസ് വിദഗ്ധർ നിർദേശിക്കുന്നു.

വിശ്രമ സമയത്തെ ഹൃദയമിടിപ്പ്, വർക്കൗട്ട് കഴിഞ്ഞ് രണ്ട് മിനിറ്റിനുശേഷമുള്ള ഹൃദയമിടിപ്പ് എന്നിവ പ്രത്യേകം ട്രാക്ക് ചെയ്യുക.

മറ്റൊരാളോട് സംസാരിച്ചുകൊണ്ട് നിങ്ങൾക്ക് എത്ര വേഗത്തിൽ നടക്കാനോ ഓടാനോ കഴിയുന്നുണ്ടെന്ന് ശ്രദ്ധിക്കുക.

ഓരോ വർക്കൗട്ടിലും നിങ്ങൾക്ക് അനുഭവപ്പെടുന്ന ആയാസത്തെ 1 മുതൽ 10 വരെയുള്ള സ്കെയിലിൽ അളക്കാൻ ശ്രമിക്കുക. ദിവസങ്ങൾ കഴിയുന്തോറും ഒരേ വർക്കൗട്ടിന് അനുഭവപ്പെടുന്ന ആയാസം താഴേക്ക് വരുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് മികച്ചൊരു രീതിയാണ്.

സ്ഥിരമായി കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നത് ഹൃദയത്തിൻ്റെ ആരോഗ്യം വലിയ രീതിയിൽ മെച്ചപ്പെടുത്തും. ഓരോ മിടിപ്പിലും ഹൃദയം കൂടുതൽ രക്തം പമ്പ് ചെയ്യുകയും, പേശികൾക്ക് ഓക്‌സിജൻ സ്വീകരിക്കാനും ഉപയോഗിക്കാനുമുള്ള കഴിവ് വർധിക്കുകയും ചെയ്യുന്നു. കൃത്യമായ കാർഡിയോ വ്യായാമങ്ങൾക്കൊപ്പം ക്രമേണ വ്യായാമത്തിൻ്റെ സമയവും ദൂരവും വർധിപ്പിക്കുന്നത് നിങ്ങളുടെ സ്റ്റാമിനയും ക്ഷമതയും ദീർഘകാലാടിസ്ഥാനത്തിൽ വർധിപ്പിക്കാൻ സഹായിക്കും. സ്ഥിരതയാണ് എപ്പോഴും സ്റ്റാമിന വർധിപ്പിക്കുന്നത്. ഈ സ്ഥിരതയിലൂടെ പേശികൾക്ക് വലിയ ക്ഷീണമില്ലാതെ തന്നെ നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ അനായാസം ചെയ്യാൻ സാധിക്കുമെന്ന് വിദഗ്‌ധർ ഉപദേശിക്കുന്നു.



Post a Comment

0 Comments