പൊതു സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വ്യക്തിപരമായി കാണാതെ സാമൂഹികവും പൊതു ജനാരോഗ്യ വിഷയവുമായി പരിഗണിക്കണമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ പ്രശ്നങ്ങളിലും മാനസികാരോഗ്യത്തിലും സമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്നും കുടുംബ- സാമൂഹിക സമ്മർദ്ദങ്ങൾ സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും കമ്മിഷൻ നിരീക്ഷിച്ചു. ഗാർഹിക പീഡനം, സാമ്പത്തിക പ്രതിസന്ധി, തൊഴിലിടങ്ങളിലെ സമ്മർദ്ദം, കുടുംബ ഉത്തരവാദിത്വങ്ങളുടെ അമിതഭാരം, ഒറ്റപ്പെടൽ തുടങ്ങിയ വിവിധങ്ങളായ പ്രശ്നങ്ങളാണ് സ്ത്രീകൾ ഇന്ന് നേരിടുന്നത്. ഇത്തരം സാഹചര്യങ്ങൾ അവരുടെ ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. സിറ്റിങ്ങിൽ 55 കേസുകൾ പരിഗണിച്ചു. 12 കേസുകൾ തീർപ്പാക്കി. 5 കേസുകളുടെ റിപ്പോർട്ട് തേടി. 2 കേസുകൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് കൈമാറി. ഒരു കേസിൽ ജാഗ്രത സമിതിയോട് റിപ്പോർട്ട് തേടി. അടുത്ത സിറ്റിങ്ങിൽ 35 പരാതികൾ പരിഗണിക്കും. അഡ്വ. കെ. പി ഷിമ്മി, കൗൺസിലർ അശ്വതി രമേശൻ, വുമൺ സെൽ അംഗം ലീനിഷ എന്നിവർ പങ്കെടുത്തു.




0 Comments