32 വർഷങ്ങൾക്ക് ശേഷം 4K മികവിൽ ‘തേന്മാവിൻ കൊമ്പത്ത്’ തിയേറ്ററുകളിൽ ; വരവേറ്റ് ആരാധകർ


മലയാള സിനിമയുടെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ പുതിയ സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വൻ വരവേൽപാണ് പ്രേക്ഷകർ ചിത്രത്തിന് നൽകുന്നത്. 1994ൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി തുടരുകയാണ്. മോഹൻലാലിന്റെ മാണിക്യനും ശോഭനയുടെ കാർത്തുമ്പിയും നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളും ചിത്രത്തിന്റെ ഗ്രാമീണ പശ്ചാത്തലവും പ്രണയവും നർമ്മവും നിറഞ്ഞ മുഹൂർത്തങ്ങളുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു. പുതിയ തലമുറയ്ക്കൊപ്പം പഴയ പ്രേക്ഷകർക്കും ബിഗ് സ്ക്രീനിൽ ചിത്രം വീണ്ടും ആസ്വദിക്കാനുള്ള അവസരമാണ് റീ റിലീസ് ഒരുക്കുന്നത്. പുതിയ പതിപ്പിൽ 4K ദൃശ്യ മികവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒറിജിനൽ 35mm നെഗറ്റീവ് 4Kയിൽ സ്കാൻ ചെയ്ത് സൂപ്പർ 4K നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. കെ.വി. ആനന്ദിന്റെ മനോഹരമായ ഫ്രെയിമുകൾ കൂടുതൽ മികവോടെ ബിഗ് സ്ക്രീനിൽ കാണാനാകുമെന്ന പ്രത്യേകതയും റീ റിലീസിനുണ്ട്. ഒറിജിനൽ ചിത്രത്തിന്റെ ദൃശ്യഭാവവും സ്വഭാവവും നിലനിർത്തിക്കൊണ്ടാണ് റീമാസ്റ്ററിങ് പൂർത്തിയാക്കിയിരിക്കുന്നത്. ദൃശ്യ മികവിനൊപ്പം ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ പ്രധാന ആകർഷണമാണ്. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് പ്രിയദർശനാണ്. ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.



Post a Comment

0 Comments