ഹോർട്ടി വൈൻ വിവാദം; വിൽപന താത്ക്കാലികമായി നിർത്തുന്നു, സർക്കാർ മദ്യനയം പ്രഖ്യാപിക്കും വരെയെന്ന് എക്സൈസ് വകുപ്പ് ഉത്തരവ്


സർക്കാർ മധ്യനയം പ്രഖ്യാപിക്കും വരെ ഹോർട്ടി വൈൻ വിൽപ്പന താൽക്കാലികമായി നിർത്തുന്നുവെന്ന് എക്സൈസ് വകുപ്പ് ഉത്തരവ്. പക്ഷെ അനുമതി റദ്ദാക്കിയിട്ടില്ല. സംസ്ഥാനത്തെ ബേക്കറികളിലൂടെയും മാളുകളിലൂടെയും 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന ആരംഭിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ എക്സൈസ് വകുപ്പിൽ തന്നെ കടുത്ത ഭിന്നത നിലനിൽക്കുകയാണ്. ഇതോടെ വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യുഡിഎഫ് സർക്കാർ അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽകുമാറിനെ പദവിയിൽ നിന്ന് മാറ്റുകയായിരുന്നു. പകരം ചുമതല എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറായ സുഭാഷിനാണ്. ഇതിന്റെ ഉത്തരവ് സർക്കാർ ഇറക്കി. അനിൽ കുമാറിന് പകരം പദവിയൊന്നും കൊടുത്തിട്ടില്ല. മാറ്റിനിർത്തുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം, എക്സൈസ് വകുപ്പിലും ഹോർട്ടി വൈൻ വിവാദത്തിൽ ഭിന്നത തുടരുകയാണ്. വകുപ്പുമന്ത്രി എം ലിജു അറിയാതെ 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ ബേക്കറിയിൽ വിൽക്കാൻ അനുമതി നൽകുകയായിരുന്നു. എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നെന്നാണ് സൂചന. ഭിന്നത പുറത്തുവന്നതോടെ അനുമതി റദ്ദ് ചെയ്യാൻ എക്സൈസ് വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ തൃശൂർ ജില്ലയിലെ ചാലക്കുടിയിലെ ബേക്കറിയിൽ വിൽക്കാൻ അനുമതി നൽകിയത് ജൂൺ മാസത്തിൽ. വകുപ്പ് മന്ത്രി എം ലിജു അറിയാതെ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു ജൂൺ 24ന് അനുമതി നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് കമ്മീഷണർ അനുമതി നൽകിയത് എന്നാണ് സൂചന. വകുപ്പിലെ നയപരമായ തീരുമാനങ്ങൾ എക്സൈസ് മന്ത്രിയെ അറിയിക്കാതെ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയും തമ്മിലുള്ള ഭിന്നത പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലും വിവാദമാകുന്നത്. കമ്മീഷണറുടെ തീരുമാനം വിവാദമായതോടെ ഉത്തരവ് റദ്ദ് ചെയ്ത് എത്രയും വേഗം മുഖം രക്ഷിക്കാനാണ് വകുപ്പിന്റെ നീക്കം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടിയ മന്ത്രി തീരുമാനം അറിയിക്കാത്തതിലുള്ള അതൃപ്തിയും വ്യക്തമാക്കിയിട്ടുണ്ട്.



إرسال تعليق

0 تعليقات