സിഎംആർഎൽ-എക്സാലോജിക് കേസ്; പിണറായി വിജയൻ്റെ അപ്പീൽ ഹർജികളിൽ വാദം നാളെ


സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി നാളെ വിശദമായ വാദം കേൾക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ്, നിഖിൽ, ഷൈജൽ എന്നിവരാണ് ഡിവിഷൻ ബെഞ്ചിൽ റിട്ട് അപ്പീലുകൾ സമർപ്പിച്ചത്. അപ്പീൽ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രത്യേക അനുമതി ഹർജിയും ഒപ്പം സമർപ്പിച്ചിരുന്നു. പ്രത്യേക അനുമതി ഹർജി അനുവദിച്ച ഡിവിഷൻ ബഞ്ച് ഉച്ചക്ക് ശേഷം കേസ് പരിഗണിച്ചെങ്കിലും വിശദമായ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. ഹർജിയിൽ ഉടൻ വാദം കേൾക്കരുതെന്ന് കെ എം ഷാജഹാൻ ആവശ്യപ്പെട്ടു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ വാദം കേൾക്കുന്നത് നീട്ടി വക്കരുതെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. തുടർന്ന് ഹർജിയിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് സമയം അനുവദിച്ച് കേസ് നാളെ പരിഗണിക്കുന്നതിനായി ഡിവിഷൻ ബഞ്ച് മാറ്റി. ജസ്റ്റിസുമാരായ കെ നടരാജൻ ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. തങ്ങളുടെ ഭാഗം കേൾക്കാതെ തങ്ങൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് അപ്പീൽ ചൂണ്ടിക്കാട്ടുന്നു. മുദ്രവച്ച കവറിൽ ഇ ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുത്തത് നിയമപരമല്ല. കെ എം ഷാജഹാൻ നൽകിയ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ചിന്റെ നടപടി അധികാരപരിധിയുടെ ലംഘനമാണ്. പൊതുതാത്പര്യ ഹർജികൾ പരിഗണിക്കേണ്ടത് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ്. കെ എം ഷാജഹാന്റെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും കേസിൽ കക്ഷിയല്ലാത്ത ഷാജഹാന് ഹർജി ഫയൽ ചെയ്യാൻ അവകാശം ഇല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ കോടതികൾ വിഷയം പരിശോധിച്ച് തള്ളിയതാണെന്നും ഹർജിയിലുണ്ട്.



إرسال تعليق

0 تعليقات