രണ്ടാം ഘട്ട സെന്‍സസിന്റെ ഭാഗമായി 2027 ഫെബ്രുവരിയില്‍ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭാവി പുരോഗതിയില്‍ നിര്‍ണായകമായിത്തീരുന്ന ദൗത്യമാണ് സെന്‍സസെന്നും അത് കൃത്യമായ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അസിസ്റ്റന്റ് കളക്ടര്‍ പറഞ്ഞു. കുടുംബത്തിലെ അംഗങ്ങളുടെ പേര്, ലിംഗം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജോലി, ജാതി, മതം തുടങ്ങി 40 ചോദ്യങ്ങളാണ് രണ്ടാംഘട്ട സെന്‍സസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍, ഡിജിറ്റല്‍ സാക്ഷരത എന്നിവയും ചോദ്യാവലിയില്‍ ഉള്‍പ്പെടുന്നു. ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളും ശേഖരിക്കും. ഡിജിറ്റല്‍ രൂപത്തില്‍ നടക്കുന്ന സെന്‍സസില്‍ എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി തത്സമയം വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ അപ്ലോഡ് ചെയ്യും. ഫെബ്രുവരിയില്‍ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന് തൊട്ടുമുമ്പുള്ള 15 ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് വിവരങ്ങള്‍ സ്വന്തംനിലയ്ക്ക് ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. ശരാശരി 800 പേര്‍ ഉള്‍ക്കൊള്ളുന്ന എന്യൂമറേഷന്‍ ബ്ലോക്കുകളായി തിരിച്ചാണ് എന്യുമറേറ്റര്‍മാര്‍ വിവരങ്ങള്‍ ശേഖരിക്കുക. സെന്‍ഫ് എന്യുമറേഷന്‍ വഴി ആളുകള്‍ സ്വന്തമായി നല്‍കിയ വിവരങ്ങള്‍ വീടുസന്ദര്‍ശന വേളയില്‍ അവര്‍ പരിശോധിച്ച് ഉറപ്പുവരുത്തി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. കഴിഞ്ഞ ജൂലൈയില്‍ നടന്ന ആദ്യഘട്ട സെന്‍സസില്‍ വീടുകളുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ എന്യുമറേറ്റര്‍മാര്‍ നേരിട്ടെത്തി ശേഖരിച്ചിരുന്നു. ദ്വിദിന പരിശീലനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എഡിഎം കെ ബാലഗോപാലന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി രാകേഷ്, എച്ച്എസ് രാജേഷ് ഖന്ന, പരിശീലകരായ സെന്‍സസ് ഡയരക്ടറേറ്റ് അസിസ്റ്റന്റ് ഡയരക്ടര്‍ പി പ്രദീപ് കുമാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ കെ വിജുല എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ അഡീഷനല്‍ സെന്‍സസ് ഓഫീസര്‍മാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഓഫീസര്‍മാര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്.




0 Comments