ഇന്ത്യ ഇനി ജനാധിപത്യ രാജ്യമല്ലെന്നും നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് ഭരിക്കുന്ന ഏകാധിപത്യ രാജ്യമാണെന്നും പ്രിയങ്ക ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധം ശക്തമായിരിക്കുന്ന ഘട്ടത്തിലാണ് പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ആയിരക്കണക്കിന് പേരെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. 'ആദ്യം 254 എംപിമാരെ കൈയേറ്റം ചെയ്യുകയും അവരുടെ അടിസ്ഥാന ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചുകൊണ്ട് തികച്ചും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികളിലെ മറ്റ് പ്രതിഷേധക്കാരോടും ഇതേ രീതിയിലാണ് പെരുമാറിയത്. പിന്നാലെ ദേശീയ തലസ്ഥാനത്തെ ഉപരോധിക്കുകയും എല്ലാ ഭാഗത്തുനിന്നും അടച്ചുപൂട്ടുകയും ചെയ്തു. ട്രെയിനുകളും മെട്രോ സർവീസുകളും തടസ്സപ്പെടുത്തി, ഇന്റർനെറ്റ് വിച്ഛേദിച്ചു, എല്ലായിടത്തും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ച യുവാക്കളെയും യുവതികളെയും മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്നതിനും, അതിൻ്റെ ഉത്തരവാദിത്വം ആർക്കെന്ന ചോദ്യം ഉയരുകയും സർക്കാരിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതിൽ അവർ ഭയപ്പെടുന്നുവെന്നതിന് ഇതിൽക്കൂടുതൽ എന്ത് തെളിവാണ് വേണ്ടത്? ഇന്ത്യ ഇനി ജനാധിപത്യ രാജ്യമല്ല. നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് ഭരിക്കുന്ന ഏകാധിപത്യ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.



0 Comments