പുരപ്പുറ വൈദ്യുതി വിതരണത്തില്‍ മുന്നേറ്റം; സേവ സേതു ക്യാമ്പുകളുമായി കെ.എസ്.ഇ.ബി


പുനരുപയോഗ ഊര്‍ജ്ജ വിനിയോഗത്തിന്റെ സാധ്യതകളില്‍ ജില്ലയിലും മുന്നേറ്റം. പി.എം.സൂര്യഘര്‍ പദ്ധതിയില്‍ വീടുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. വൈദ്യുതി പ്രതിസന്ധിയെ തരണം ചെയ്യാന്‍ പുരപ്പുറ വൈദ്യുതി നിലയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കെ.എസ്.ഇ.ബി യുടെ സേവാ സേതു ക്യാമ്പുകള്‍ വ്യാപിപ്പിക്കുകയാണ്. ഉത്പാദനത്തേക്കാള്‍ മൂന്നിരട്ടിയോളം വൈദ്യുതി ഇറക്കുമതി ചെയ്യേണ്ട സാഹചര്യം കണക്കിലെടുത്താണ് സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനത്തെ കെ.എസ്.ഇ.ബി യും പ്രോത്സാഹിപ്പിക്കുന്നത്. കണ്ണൂര്‍ സര്‍ക്കിളില്‍ മാത്രം 100 മുതല്‍ 140 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദനമാണ് ഇത്തരത്തില്‍ പ്രതീക്ഷിക്കുന്നത്.  ഇതിന്റെ അളവ് ഇനിയും കൂട്ടുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 4,88,220 അപേക്ഷകരില്‍ 3,71, 321 പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റുകള്‍ ഇതുവരെ കമ്മീഷന്‍ ചെയ്തു കഴിഞ്ഞു. 1440 മെഗാ വാട്ട്‌സ് വൈദ്യുതി ഈ സൗരോര്‍ജ്ജ നിലയങ്ങളുടെ സംഭാവനയാണ്. താമസിയാതെ രണ്ടായിരം മെഗാവാട്ടായി ഈ വൈദ്യുതി ഉത്പാദനത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. 2026 ഒക്ടോബര്‍ മാസം വരെ  2,395 കോടി രൂപ പി.എം.സൂര്യഘര്‍ വഴി ഉപയോക്താക്കള്‍ക്ക് സബ്‌സിഡിയായും ഇതിനകം അനുവദിച്ചു. നല്ല രീതിയില്‍ സൂര്യപ്രകാശം കിട്ടുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് ആകെ ആവശ്യമുള്ള പകൽ വൈദ്യുതിയില്‍ 22 ശതമാനം വരെ സൗരോര്‍ജ്ജ പ്ലാന്റുകളില്‍ നിന്നും വൈദ്യുതി ലഭ്യമാക്കാന്‍ കഴിയുന്നതായും കെ.എസ്.ഇ.ബി യുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മൂന്ന് കിലോ വാട്ട് പ്ലാന്റുകളില്‍ വീടുകളില്‍ സ്ഥാപിക്കുമ്പോള്‍ ഇതില്‍ നിന്നുമുള്ള  പ്രതിദിന ആകെ ഉൽപാദനത്തില്‍ നിന്നും 36 ശതമാനത്തോളം യഥാസമയ ഗാര്‍ഹിക ഉപഭോഗത്തിന് വേണ്ടി വരിക. ബാക്കിയുള്ള 64 ശതമാനം വൈദ്യുതി ഗ്രിഡിലേക്ക് നല്‍കാനും സാധിക്കുമെന്നതാണ് നേട്ടം. കണ്ണൂര്‍ സര്‍ക്കിളില്‍ മാത്രം രണ്ട് മെഗാവാട്ട് വൈദ്യുതി വീടുകളിലെ സൗരോര്‍ജ്ജ നിലയങ്ങളില്‍ നിന്നും ലഭിക്കുന്നതായി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.കെ.ബഷീര്‍ പറഞ്ഞു.



إرسال تعليق

0 تعليقات