കളമശ്ശേരി സ്പാ കൂട്ട ബലാത്സംഗ കേസിലെ പ്രധാന പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാൻ മറ്റു ചിലരുടെ സഹായം ലഭിച്ചതായി സൂചന. ബലാത്സംഗത്തിന് ഇരയായ യുവതി ആദ്യം എത്തിയ സ്പായിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. റിമാൻഡിൽ ഉള്ള മറ്റു രണ്ടു പ്രതികളെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. കേസിലെ ഒന്നാം പ്രതി ശ്രീരാജ്, മൂന്നാം പ്രതി ജിത്തു മാർട്ടിൻ എന്നീ പ്രതികളുമായാണ് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയത്. ആദ്യം ഇടപ്പള്ളിയിലെ ലോഡ്‌ജിലും സ്പായിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അടുത്ത ദിവസം മൂന്ന് സ്പാകളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. എന്നാൽ യുവതി ആദ്യം എത്തിയ റോയൽ സ്പായിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്റെ ലഭിച്ചില്ല. ഇതിന്റെ ഹാർഡ് ഡിസ്ക് പ്രതികൾ മാറ്റിയിരുന്നു. പ്രതികൾക്ക് പുറത്തു നിന്നും മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസിന് ബലമായ സംശയമുണ്ട്. ഒന്നാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ ശ്രീരാജ് കൂടുതൽ യുവതികളെ ജോലി വാഗ്‌ദാനം ചെയ്ത് അഭിമുഖത്തിന് ക്ഷണിച്ചതായും പൊലീസിന് വിവരം ലഭിച്ചു. പതിനഞ്ചോളം യുവതികളെ കുറിച്ചുള്ള വിവരങ്ങൾ ഫോണിൽ നിന്ന് ലഭിച്ചിടുണ്ട്. ശ്രീരാജിന്റെ രണ്ട് ഫോണുകൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. രണ്ടാംപ്രതി ശരണ്യ ശശി, നാലാം പ്രതി സഞ്ങു എന്നിവരെ വൈകാതെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ശരണ്യ ഉൾപ്പെടെയുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾക്ക് മദ്യവും മയക്കുമരുന്നും ലഭിക്കുന്ന ഉറവിടത്തെ കുറിച്ചും അന്വേഷണം നടക്കുക്കുന്നുണ്ട്.





0 تعليقات