'പണം ആവശ്യപ്പെടുന്ന ഭാഗം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തത്'; കൈക്കൂലി ആരോപണം തള്ളി CPIM കൗണ്‍സിലര്‍.

 

തിരുവനന്തപുരം: കൈകൂലി വാങ്ങി എന്ന ആരോപണം തള്ളി തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍. പണം ആവശ്യപ്പെടുന്ന ഭാഗം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതെന്നാണ് വിശദീകരണം. ഒരു രൂപ എങ്കിലും താന്‍ കൈക്കൂലി വാങ്ങി എന്ന് തെളിയിക്കണമെന്നാണ് വെല്ലുവിളി. വിഷയത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് പാര്‍ട്ടിക്ക് പൂര്‍ണ ബോധ്യമുണ്ടെന്നും അജിന്‍ പറഞ്ഞു.

ആരോപണത്തിന് പിന്നില്‍ ബിജെപി ആര്‍എസ്എസ് ഭൂമാഫിയയാണ്. പുറമ്പോക്ക് ഭൂമി വില്‍പ്പന നടത്താന്‍ കഴിയാത്തതിലെ വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കും. കൈക്കൂലി വാങ്ങിയെന്ന് തെളിയിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുമെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്നും കൗണ്‍സിലര്‍ അജിന്‍ വ്യക്തമാക്കി.അതേസമയം കൗണ്‍സിലര്‍ രാജിവെച്ച് അന്വേഷണം നേരിടണം എന്നാണ് യുഡിഎഫ് പറയുന്നത്. അജിന്‍ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തു. ഭീഷണിപ്പെടുത്തി പണം ചോദിക്കുന്ന ദൃശ്യം വളരെ ഗൗരവമുള്ളതാണെന്നും നടപടി എടുക്കാന്‍ സ്റ്റേറ്റ് വിജിലന്‍സ് മേധാവിയോട് ആവശ്യപ്പെടുമെന്നും കെ എസ് ശബരിനാഥ് പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡിലെ സിപിഐഎം കൗണ്‍സിലര്‍ കൈക്കൂലി ആവശ്യപ്പെടുന്നു എന്ന പേരില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. പത്ത് ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐക്കാരെക്കൊണ്ട് ഭൂമിയില്‍ കൊടികുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അജിനുമായി സംസാരിക്കുന്ന ശബ്ദരേഖകള്‍ പരാതിക്കാരന്‍ തന്നെയാണ് പുറത്തുവിട്ടത്.



إرسال تعليق

0 تعليقات