പത്തനാപുരം ( കൊല്ലം) പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ പുരുഷൻമാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നിർമിച്ചുനൽകുന്ന അത്യാധുനിക ബഹുനില മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. 20 കോടി രൂപ ചെലവിൽ നിർമിച്ച മന്ദിരത്തിൽ അന്തേവാസികൾക്ക് മെച്ചപ്പെട്ട താമസസൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നാൽപതിനായിരത്തോളം ചതുരശ്ര അടി വിസ്തീർണത്തിൽ 4 നിലകളിലായി നിർമാണം പൂർത്തിയാക്കിയ ബഹുനില മന്ദിരം 250 പുരുഷ അന്തേവാസികൾക്കു തണലാകും. ഡോർമിറ്ററി സൗകര്യം, പ്രാർഥനാ മുറികൾ, ലൈബ്രറി, ഡൈനിങ് ഹാൾ, നഴ്സിങ് റൂം, പ്രത്യേക പരിചരണ മുറി എന്നിവയടക്കം സൗകര്യങ്ങൾ പുതിയ മന്ദിരത്തിലുണ്ട്.450 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയം, രോഗികളെ വഹിക്കാൻ കഴിയുന്ന രണ്ട് സ്ട്രെച്ചർ ലിഫ്റ്റുകൾ, വാഹന പാർക്കിങ് സൗകര്യം എന്നിവ മറ്റു പ്രത്യേകതകളാണ്. മുഴുവൻ സമയപരിചരണത്തിനായി നഴ്സിങ് സൗകര്യവുമുണ്ട്. കിടപ്പുരോഗികൾക്ക് പ്രത്യേകം ക്രമീകരിക്കാൻ സാധിക്കുന്ന തരത്തിൽ അഡ്ജസ്റ്റബിൾ ബെഡ് ഉൾപ്പെടെയാണ് 250 കിടക്കകൾ ഒരുക്കിയിരിക്കുന്നത്. 2016ൽ ഗാന്ധിഭവൻ സന്ദർശനവേളയിലാണ് എം.എ.യൂസഫലി ഗാന്ധിഭവനിലെ അമ്മമാർക്കായി മന്ദിരം നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്. 2022 നവംബറിൽ 18 കോടി ചെലവിൽ സ്നേഹമന്ദിരമൊരുക്കി കൈമാറി.അമ്മമാർക്കുള്ള മന്ദിരത്തിന്റെ ഉദ്ഘാടനവേളയിലാണ് ഇവിടത്തെ പുരുഷ അന്തേവാസികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പുതിയ മന്ദിരം നിർമിച്ചുനൽകുമെന്നു പ്രഖ്യാപിച്ചത്. കെട്ടിടങ്ങൾ നിർമിച്ചതിനു പുറമേ ഗാന്ധിഭവനിലെ അന്തേവാസികളുടെ ക്ഷേമത്തിനായി ഇതുവരെ യൂസഫലി 11.75 കോടിയുടെ സഹായം നൽകിയിട്ടുണ്ടെന്നും ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ പറഞ്ഞു.





0 تعليقات