പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ശല്യമാകരുത്; രാജ്യത്തുടനീളം 35 മിനിറ്റ് വിമാന സർവീസുകൾ നിർത്തിവെച്ച് ദക്ഷിണ കൊറിയ


വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ തടസമുണ്ടാകാതിരിക്കാൻ രാജ്യത്തുടനീളം 35 മിനിറ്റ് വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിങ്ങും നിർത്തിവെച്ച് ദക്ഷിണ കൊറിയ. രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പ്രവേശന പരീക്ഷകളിലൊന്നായ 2027ലെ കോളജ് പ്രവേശന പരീക്ഷയായ സുന്യൂങിന്റെ ഇംഗ്ലീഷ് ലിസണിങ് പരീക്ഷയ്ക്കിടെയാണ് നവംബർ 19ന് അസാധാരണ നടപടി സ്വീകരിച്ചത്. പരീക്ഷയ്ക്കിടെ വിമാനങ്ങളുടെ ശബ്ദം വിദ്യാർഥികളുടെ ശ്രദ്ധ തിരിക്കാതിരിക്കാനാണ് വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.05 മുതൽ 1.40 വരെയായിരുന്നു നിയന്ത്രണം. ഇതിന്റെ ഭാഗമായി 49 ആഭ്യന്തര സർവീസുകളും 81 അന്താരാഷ്ട്ര സർവീസുകളും ഉൾപ്പെടെ 130 വിമാനങ്ങളെ നടപടി ബാധിച്ചു. ഹെലികോപ്റ്ററുകൾ, ചെറുവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമായിരുന്നു. ദക്ഷിണ കൊറിയയിൽ സർവകലാശാല പ്രവേശനം നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പരീക്ഷയാണ് സുന്യൂങ്. പരീക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് ഓഹരി വിപണിയുടെ പ്രവർത്തനസമയത്തിലും മാറ്റം വരുത്തിയിരുന്നു. വ്യാഴാഴ്ച (നവംബർ 19) പതിവിലും ഒരു മണിക്കൂർ വൈകി പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് ഓഹരി വിപണി പ്രവർത്തനം ആരംഭിച്ചത്.



Post a Comment

0 Comments