സാധാരണക്കാർക്കും സഹകരണ മേഖലയിലെ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആശ്വാസ പദ്ധതിയാണ് സഹകരണ റിസ്ക് ഫണ്ടെന്ന്
വൈദ്യുതി പരിസ്ഥിതി പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പിന്റെയും സംസ്ഥാന സഹകരണ ക്ഷേമനിധി ബോർഡിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച റിസ്ക് ഫണ്ട് വിതരണത്തിന്റെ ജില്ലാതല ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. ടി ഒ മോഹനൻ എം എൽ എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘങ്ങളിൽനിന്ന് വായ്പയെടുത്തവർക്ക് വായ്പാ കാലയളവിൽ മരണം, അപകടം, ഗുരുതര രോഗം, ശാരീരിക അവശത തുടങ്ങിയ സാഹചര്യങ്ങളിൽ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതുവരെ 5,435 സഹകരണ സംഘങ്ങളാണ് പദ്ധതിയിൽ അംഗങ്ങളായത്.വായ്പക്കാരന്റെ മരിച്ചാൽ പരമാവധി മൂന്ന് ലക്ഷം രൂപ വരെയും ഒന്നിലധികം സംഘങ്ങളിൽനിന്ന് വായ്പയെടുത്തിട്ടുണ്ടെങ്കിൽ ആറു ലക്ഷം രൂപ വരെയും ധനസഹായം ലഭിക്കും.നിശ്ചിത ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി 1.25 ലക്ഷം രൂപ വരെയും സഹായം ലഭിക്കും. 2008ൽ പദ്ധതി ആരംഭിച്ചതുമുതൽ 1,41,006 വായ്പകളിലായി 1,162.74 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ കേരള ബാങ്ക് ഉൾപ്പെടെ 164 സഹകരണ സ്ഥാപനങ്ങളിൽനിന്നുള്ള 649 വായ്പക്കാർക്കായി 5.30 കോടി രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്.
അസിസ്റ്റന്റ് രജിസ്ട്രാർ കെ വി ജയേഷ് പദ്ധതി വിശദീകരിച്ചു. കണ്ണൂർ ജോയിന്റ് രജിസ്ട്രാർ പി ജെ ജോയിച്ചൻ,കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി വി രാജേഷ്,കേരള മാർക്കറ്റ്ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ, ജോയിന്റ് ഡയറക്ടർ ഷഹിമ മങ്ങയിൽ, ഡെപ്യൂട്ടി രജിസ്ട്രാർ കെ വി പ്രീത, എം ഐ ഗീത, സഹകരണ യൂണിയൻ കണ്ണൂർ ചെയർമാൻ കെ രാജീവൻ, അസിസ്റ്റന്റ് ഡയറക്ടർ പുഷ്പജ പിലാക്കണ്ടി, തലശ്ശേരി സഹകരണ യൂണിയൻ ചെയർമാൻ ടി അനിൽ, കൂത്തുപറമ്പ് സഹകരണ യൂണിയൻ ചെയർമാൻ സി വി ശശീന്ദ്രൻ, പിഎസിഎസ് പ്രസിഡണ്ട് കെ പത്മനാഭൻ, വൈസ് പ്രസിഡണ്ട് രജിത്ത് നാറാത്ത്, കോഴിക്കോട് മേഖല ക്ഷേമനിധി മാനേജർ എസ് ആർ സജിമോൾ എന്നിവർ സംസാരിച്ചു.




0 Comments