കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ ജിംനേഷ്യം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ചാണ് ഇ എം എസ് സ്മാരക സ്റ്റേഡിയത്തില്‍ ജിംനേഷ്യം ഒരുക്കിയത്.
മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തലശ്ശേരി എം എല്‍ എ യുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍ത്തി തലശ്ശേരി ക്യാമ്പയിനിന്റെ ഭാഗമായാണ് ജിംനേഷ്യം ആരംഭിച്ചത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രാവിലെയും വൈകിട്ടും ഒഴിവു വേളകളിലും ജിം ഉപയോഗിക്കാം. വിദ്യാര്‍ഥികളുടെ കായിക ശേഷിയും മാനസിക ഉല്ലാസവും വളര്‍ത്താന്‍ ഇതിലൂടെ സാധിക്കും. എം എല്‍ എ ഫണ്ട് ഉപയോഗിച്ച് സ്കൂളുകളില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഓപ്പണ്‍ ജിം ആണ് കതിരൂരിലേത്. പ്രായഭേദമന്യേ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഇത് ഉപയോഗിക്കാം. കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സല്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കാരായി, സ്കൂള്‍ വികസന സമിതി ചെയര്മാന് കെ വി പവിത്രന്, കതിരൂര്‍ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയന്‍, പ്രിന്‍സിപ്പല്‍ എസ് അനിത, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ചന്ദ്രന് കക്കോത്ത്, പ്രധാനാധ്യാപകന് പ്രകാശന് കര്‍ത്ത, പി ടി എ പ്രസിഡണ്ട് ശ്രീജേഷ് പടന്നക്കണ്ടി, മുന്‍ പി ടി എ പ്രസിഡണ്ട് സുരേഷ് ബാബു പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.