ബത്തേരി • കൃഷിയിടത്തിൽ ആൾത്താമസമില്ലാത്ത വീട്ടിൽ കർഷകനു നേരെ കരടിയുടെ ആക്രമണം. വാകേരി ഗാന്ധിനഗർ കുമ്പിക്കൽ ഏബ്രഹാ(67)മിനു നേരെയാണ് ആക്രമണമുണ്ടായത്. കൈവിരലുകൾക്കു പരുക്കേറ്റ ഇദ്ദേഹത്തെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷുദിനത്തിൽ വൈകിട്ട് നാലോടെയാണു സംഭവം. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം മാറിയുള്ള ഏബ്രഹാമിന്റെ കൃഷിയിടത്തിലെ പഴകിയ വീടിനുള്ളിലാണു കരടി ഉണ്ടായിരുന്നത്. വൈകിട്ട് തോട്ടത്തിലെത്തിയ ഏബ്രഹാം വീടിനുള്ളിൽ കയറി കട്ടിൽ മാറ്റാൻ നോക്കിയപ്പോൾ അതിനടിയിൽ നിന്നു കരടി എടുത്തു ചാടുകയായിരുന്നു. തടുക്കാൻ ശ്രമിച്ചപ്പോഴാണ് ഏബ്രഹാമിന്റെ കൈവിരലുകൾക്ക് പരുക്കേറ്റത്. ഏബ്രഹാം ബഹളം വച്ചതോടെ തുറന്നു കിടന്ന വാതിലിലൂടെ കരടി പുറത്തേയ്ക്കോടി.അടുത്തുള്ള ബന്ധുവീട്ടിലെത്തി വിവരമറിയിച്ച ഏബ്രഹാമിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാകേരിയിലും പരിസരങ്ങളിലും കരടിശല്യം അതിരൂക്ഷമാണ്. മൂടക്കൊല്ലി ഐശ്വര്യ ശുദ്ധജല പദ്ധതി പമ്പ് ഹൗസിൽ കഴിഞ്ഞ മാസം 6നും 16നും കരടിയെത്തി തറ മാന്തിപ്പൊളിച്ചിരുന്നു. പാപ്ലശേരി തത്തുപാറ വിജയന്റെ കൃഷിയിടത്തിൽ തുടർച്ചയായെത്തിയ കരടി തേൻകൃഷി പാടേ നശിപ്പിച്ചു. അതിനിടെ ഒരു കരടിയെ കഴിഞ്ഞ ആഴ്ച ചത്ത നിലയിലും കണ്ടെത്തിയിരുന്നു. കരടിയുടെ ആക്രമണമുണ്ടായ സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കരടിക്കായി തിരച്ചിലും നടത്തി.
Monday, 17 April 2023
Home
Unlabelled
കട്ടിൽ മാറ്റാൻ നോക്കിയപ്പോൾ അതിനടിയിൽ കരടി; കർഷകനെ ആക്രമിച്ചു
കട്ടിൽ മാറ്റാൻ നോക്കിയപ്പോൾ അതിനടിയിൽ കരടി; കർഷകനെ ആക്രമിച്ചു

About Weonelive
We One Kerala