ഇടുക്കി: തമിഴ്നാട് വനാതിര്‍ത്തിയില്‍ നിന്നും പതിമൂന്ന് കിലോമീറ്റര്‍ ഉള്‍ക്കാട്ടില്‍ കണ്ടെത്തിയ അരികൊമ്പന് ഇപ്പോള്‍ സഞ്ചരിക്കുന്നത് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഭാഗത്തേക്ക്. റേഡിയോ കോളര്‍ സിഗ്നലുകളെ അടിസ്ഥാനപ്പെടുത്തിയാണ് കേരള വനപാലകള്‍ ഇക്കാര്യം മനസ്സിലാക്കിയത്. നേരത്തെ മേഘമലയില്‍ നിന്നുള്ള തമിഴ്നാട് വനംവകുപ്പിന്റെ ഒരു സംഘം ഉള്‍ക്കാട്ടിലെത്തി അരികൊമ്പനെ കണ്ടിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് നീങ്ങുന്നുവെന്നാണ് അവരുടെയും നിഗമനം. റേഡിയോ കോളറില്‍ നിന്നു ലഭിക്കുന്ന സിഗ്നലും ഇതാണ് പറയുന്നത്.
തിരികെ തമിഴ്നാട് വനാതിര്‍ത്തിയിലേക്ക് മടങ്ങിയാല്‍ തുരത്തിയോടിക്കാനുള്ള സന്നാഹവുമായി തമിഴ്നാട് വനംവകുപ്പിന്റെ 30ലധികം ഉദ്യോഗസ്ഥര്‍ മേഘമല, ഹൈവേസ് ഡാം എന്നിവിടങ്ങളിലുണ്ട്. കേരളം റേഡിയോ കോളര്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് തമിഴ്നാട് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ സിഗ്നല്‍ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും ഇരുസംസ്ഥാനങ്ങളും തമ്മില്‍ ഒരു തര്‍ക്കവുമില്ലെന്നാണ് വനംമന്ത്രി എകെ ശശീന്ദ്രന്റെ പ്രതികരണം. അരിക്കൊമ്പനെ താപ്പാന ആക്കേണ്ടതില്ലായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോഴുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.