കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ. ആധാർ കാർഡ് കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കും എന്നാണ് മുന്നറിയിപ്പ്. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്നുള്ളത് ബോട്ട് ഉടമ ഉറപ്പാക്കണം എന്നാണ് നിർദേശം. സഭയിൽ കെ.കെ രമയുടെ ചോദ്യത്തിന് മന്ത്രി സജി ചെറിയാൻ്റെ രേഖാമൂലമുള്ള മറുപടിയാണിത്.വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനൽ ആധാർ കാർഡ് തന്നെ കൈവശം വെയ്ക്കേണ്ടതുണ്ട്. ആധാർ കാർഡ് നഷ്ടപ്പെട്ടവർക്ക് UIDAI വെബ്സൈറ്റിൽ നിന്ന് ഇ ആധാർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. രാജ്യ സുരക്ഷ മുൻനിർത്തിയാണ് ഈ സുപ്രധാന തീരുമാനം എടുക്കുന്നത്. ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി. പലപദ്ധതികൾ ശബരിമലയിൽ നടന്നു വരുന്നു. എന്നാൽ ഭൂമിലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ട്. ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു.
കേസുകൾ എടുത്തിട്ടുണ്ട്. യഥാർത്ഥ ഭക്തന്മാർ ആരും മാലയൂരിയോ തേങ്ങയുടച്ചോ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല. കപട ഭക്തന്മാരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്.ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം നടന്നു. പൊലീസ് വളരെ കൃത്യമായി ഇടപെട്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ പറഞ്ഞു.
പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം വേറെയാണ്. പുൽമേടിന്റെയും പമ്പയുടെയും അനുഭവം നമുക്കു മുന്നിലുണ്ട്. ആ അനുഭവം ആവർത്തിക്കാതിരിക്കാൻ ആണ് പൊലീസ് മുൻകരുതലെടുത്തത്. പൊലീസ് ഇടപെടൽ ശരിയായ രീതിയിൽ ആണെന്ന അഭിപ്രായമാണ് സർക്കാരിനുള്ളതെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി. വ്യാജ വാർത്തകൾ ചില കോണുകളിൽ നിന്ന് വന്നു. വെള്ളവും ഭക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് ചിലർ സമരം ചെയ്യുന്നത് കണ്ടു. പക്ഷേ അവരുടെ മുദ്രാവാക്യം മുഖ്യമന്ത്രിക്ക് എതിരായിരുന്നു. അത്തരം സമരക്കാരുടെ ലക്ഷ്യം എന്തെന്ന് മനസ്സിലാക്കാമെന്നും മന്ത്രി വ്യക്തമാക്കി