ചെന്നൈ: മയക്കുവെടിയുതിർത്ത് പിടികൂടിയ കാട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞതിന് പിന്നാലെ ചർച്ചയായി ഇടുക്കി ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ. ആനയുടെ ആരോഗ്യനില സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെ അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് വ്യക്തമാക്കി തമിഴ്നാട് വനംവകുപ്പ് രംഗത്തെത്തി.കാട്ടാന അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് സുപ്രിയ സാഹു കൂട്ടിച്ചേർത്തു.അരിക്കൊമ്പനെ കുങ്കിയാനയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തമിഴ്നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പിസിസിഎഫ്) ശ്രീനിവാസ് ആർ റെഡ്ഡി പറഞ്ഞു. അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ട ആനയെ വീണ്ടും പിടികൂടാനില്ല. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണ്. സാഹചര്യങ്ങളുമായി ആന പൊരുത്തപ്പെട്ടുകഴിഞ്ഞുവെന്നും ശ്രീനിവാസ റെഡ്ഡി വ്യക്തമാക്കി.
അരിക്കൊമ്പനെ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. തുറന്നുവിട്ട സ്ഥലങ്ങളിലൂടെയടക്കം ആന എത്താറുണ്ട്. ഇപ്പോൾ ആനക്കൂട്ടത്തിനൊപ്പമാണ് സഞ്ചാരം. ഒരു സാധാരണ കാട്ടാനയെപ്പോലെയാണ് അരിക്കൊമ്പനുള്ളത്. പുല്ല് അടക്കമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട്. അരിക്കൊമ്പനെ കുങ്കിയാനയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീനിവാസ് ആർ റെഡ്ഡി പറഞ്ഞു.
തണ്ണീർക്കൊമ്പൻ ചരിഞ്ഞതിന് പിന്നാലെ അരിക്കൊമ്പൻ്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് നിരവധിയാളുകൾ എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അരിക്കൊമ്പന് യാതൊരുതരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളുമില്ലെന്നും ആരോഗ്യവാനാണെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചത്.