ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റയ്ക്ക് പറന്നാൽ ചിറകരിഞ്ഞ് വീഴും'; ശശി തരൂരിന് പരോക്ഷ വിമർശനവുമായി കെ മുരളീധരൻ

 



തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപിക്ക് പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പറക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് പറക്കണമെന്നും ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റയ്ക്ക് പറന്നാല്‍ ചിറകരിഞ്ഞ് താഴെ വീഴുമെന്നും കെ മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ആര്യാടന്‍ ഷൗക്കത്തിന് നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു കെ മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.കെപിസിസി അധ്യക്ഷന്‍ അടക്കമുള്ളവര്‍ വേദിയിലിരിക്കയാണ് മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചത്. നിലമ്പൂര്‍ മോഡലില്‍ പ്രവര്‍ത്തിച്ചാല്‍ നല്ല നേരം നോക്കി സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു കെ മുരളീധരന്‍ തുടങ്ങിയത്. നിലമ്പൂരില്‍ എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിച്ചുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. നിലമ്പൂര്‍ മോഡലില്‍ മുന്നോട്ടുനീങ്ങിയാല്‍ കേരളം യുഡിഎഫിന്റെ കൈകളില്‍ എത്തും. മുന്‍പ് ആശാപ്രവര്‍ത്തകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തില്‍ സ്ത്രീകളുടെ കണ്ണീര് വീണാല്‍ ആ ഭരണകര്‍ത്താവിന് അധികം മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞിരുന്നു. അവരുടെ സമരം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. ആശാപ്രവര്‍ത്തകര്‍ നിലമ്പൂരിലെത്തി രണ്ട് ദിവസം സൈലന്റായി നടത്തിയ പ്രവര്‍ത്തനം ഒരുപാട് സ്ത്രീകളുടെ മനസ്സലിയിച്ചു. നിലമ്പൂരിലേത് യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഒരുമിച്ച് നിൽക്കണമെന്നും പറക്കുമ്പോൾ ഒന്നിച്ച് പറക്കണമെന്നും മുരളീധരൻ പറഞ്ഞത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01