ഗര്‍ഭാശയഗള കാന്‍സറിനെതിരെ എച്ച്.പി.വി വാക്സിനേഷന്‍ നല്‍കി


ഗര്‍ഭാശയഗള കാന്‍സറിനെതിരെ ദേശീയതലത്തില്‍ ആരംഭിച്ച എച്ച്.പി.വി വാക്സിനേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. ആദ്യ രോഹിത്, വൈഗ എസ് ശ്രീജിത്ത്, ശ്രിയ ശ്രീജില്‍ എന്നീ വിദ്യാര്‍ഥിനികള്‍ക്ക് ജില്ലാ ആശുപത്രിയില്‍ എച്ച്.പി.വി വാക്സിനേഷന്‍ നല്‍കി. തുടര്‍ന്ന് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വാക്സിനേഷന്‍ ബാഡ്ജ് അണിയിച്ച് അഭിനന്ദിക്കുകയും ചെയ്തു. 


ഫെബ്രുവരി 28 മുതല്‍ മൂന്നുമാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ കാലയളവില്‍ 14 വയസ് പൂര്‍ത്തിയായതും 15 വയസ് പൂര്‍ത്തിയാകാത്തതുമായ ജില്ലയിലെ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയഗള കാന്‍സറിനെതിരെയുള്ള എച്ച് പി വി വാക്സിനേഷന്‍ നല്‍കും. ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.പി ബിജോയ് അധ്യക്ഷനായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ എം.കെ ഷാജ്, ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയുള്ള  കെ. മനോജ്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ രമ്യ, ആര്‍ എം ഒ ഡോ. സുമിന്‍ മോഹന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ബി മുരളി, സ്റ്റോര്‍സ് വെരിഫിക്കേഷന്‍ ഓഫീസര്‍ പി രാജേഷ് കുമാര്‍, ജില്ലാ നഴ്സിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് പി ഇന്ദിര, ജില്ലാ എം സി എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് പി ഗീതാകുമാരി, ജില്ലാ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി പ്രമോദ് കുമാര്‍, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി സുധീഷ് എന്നിവര്‍ പങ്കെടുത്തു. 


എച്ച്.പി.വി വാക്സിനേഷന്റെ പ്രാധാന്യം


മാരക രോഗങ്ങളില്‍നിന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിലും ശിശു മരണനിരക്ക് ഗണ്യമായതോതില്‍ കുറയ്ക്കുന്നതിലും പ്രതിരോധ കുത്തിവെപ്പുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നിലവില്‍ പ്രധാനമായും 12 രോഗങ്ങള്‍ക്കെതിരെ രാജ്യത്ത് എല്ലായിടത്തും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്.   ഗര്‍ഭാശയഗള കാന്‍സറിനെതിരായ വാക്‌സിന്‍ കൂടി ദേശീയ പ്രതിരോധകുത്തിവെപ്പ്  പട്ടികയിലുള്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായി 14 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ എച്ച്.പി.വി വാക്‌സിനേഷന്‍ ആരംഭിക്കും. ഫെബ്രുവരി 28നു ആരംഭിക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ മൂന്നു മാസത്തിനകം 14 വയസു പ്രായമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഒറ്റ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ഭാരത സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചരിക്കുന്നത്. ഭാവിയില്‍ എല്ലാ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഗര്‍ഭാശയഗള കാന്‍സറില്‍ നിന്ന് സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  


എന്താണ് ഗര്‍ഭാശയഗള കാന്‍സര്‍?    

 

ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെര്‍വിക്സ്) കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍. 99.7 ശതമാനം ഗര്‍ഭാശയഗള കാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. മിക്ക എച്ച്.പി.വി അണുബാധകളും ലക്ഷണമില്ലാത്തതും സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും, ഇതിന്റെ തുടര്‍ച്ചയായ അണുബാധ ഗര്‍ഭാശയഗള കാന്‍സറിലേക്ക് നയിച്ചേക്കാം.


എച്ച്.പി.വിയുടെ പ്രത്യാഘാതങ്ങള്‍


200 ലധികം എച്ച്.പി.വി വൈറസുകളില്‍ 17 വകഭേദങ്ങളാണ് കൂടുതല്‍ അപകടകാരികള്‍. ഇന്ത്യയില്‍ 83 ശതമാനം ഗര്‍ഭാശയഗള കാന്‍സര്‍ കേസുകള്‍ക്കും എച്ച്.പി.വി 16, 18 എന്നീ വകഭദങ്ങള്‍ കാരണമാകുന്നു. ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളില്‍ രണ്ടാമത്തെ പ്രധാന കാന്‍സര്‍ ഗര്‍ഭാശയഗള ക്യാന്‍സറാണ്. രാജ്യത്ത് 2022 ല്‍ 79,103 പുതിയ കേസുകളും 34,805 മരണവും ഗര്‍ഭാശയഗള ക്യാന്‍സര്‍ മൂലമുണ്ടായതായി കണക്കാക്കപ്പെടുന്നു. ഒരു ലക്ഷം സ്ത്രീകളില്‍ പ്രതിവര്‍ഷം 11.6 പേര്‍ക്ക് രോഗബാധ ഉണ്ടാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണനിരക്ക് 1,00,000 സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ 5.1 എന്നതാണ്. എച്ച്.പി.വി അണുബാധ ഗര്‍ഭാശയഗള ക്യാന്‍സറിന് പുറമേ, ഏനല്‍ കാന്‍സര്‍, ഓറോ ഫാരഞ്ജിയല്‍, വള്‍വാര്‍, വജൈനല്‍, പെനൈല്‍ ക്യാന്‍സറുകള്‍ക്കും കാരണമാകും. സമയബന്ധിതമായ എച്ച്.പി.വി വാക്സിനേഷനും സെര്‍വിക്കല്‍ സ്‌ക്രീനിംഗും വഴി സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത കുറക്കാന്‍ കഴിയും. 


വാക്‌സിനേഷന്‍ ബുക്കിംഗ് എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും


14 വയസുള്ള പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി വാക്സിനേഷന്‍ ബുക്ക് ചെയ്യുന്നതിനായി യു-വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. https://uwin.mohfw.gov.in/home എന്ന വെബ്സൈറ്റില്‍ സൗകര്യം ലഭ്യമാണ്.



Post a Comment

Previous Post Next Post

AD01