തിലക് വർമ്മയ്ക്ക് പകരം സഞ്ജു സാംസൺ? പ്രവചനവുമായി മുൻ നായകൻ


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നു. പ്രത്യേകിച്ച് സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തണം എന്ന ആരാധകരുടെ ആവശ്യത്തിനിടെ, ആരാണ് പുറത്താകേണ്ടത് എന്ന ചർച്ച ചൂടുപിടിക്കുകയാണ്. ഇതിനിടെ, മുൻ ഇന്ത്യൻ നായകനും 1983 ലോകകപ്പ് ജേതാവുമായ ക്രിസ് ശ്രീകാന്ത്, തിലക് വർമ്മയ്‌ക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. “സഞ്ജു സാംസൺ ടീമിലേക്ക് വരണമെങ്കിൽ തിലക് വർമ്മയ്ക്ക് ടീമിൽ ഇടമില്ല. ഇന്ന് അദ്ദേഹം കളിച്ച ഷോട്ട് മോശമായിരുന്നു. അത്തരമൊരു ഷോട്ട് കളിച്ച ശേഷം ക്രീസിൽ തുടരാൻ അദ്ദേഹം അർഹനായിരുന്നില്ല,” എന്നാണ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ഇഷാൻ കിഷൻ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ തിലക് വർമ്മയിൽ നിന്ന് ഉത്തരവാദിത്വമുള്ള ഇന്നിംഗ്സ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മാർക്കോ ജാൻസനെതിരെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി താരം മടങ്ങി. മത്സരം നിയന്ത്രിക്കേണ്ട നിർണായക ഘട്ടത്തിൽ അത്തരമൊരു ഷോട്ട് തിരഞ്ഞെടുക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ശ്രീകാന്തിന്റെ വിലയിരുത്തൽ. സൂപ്പർ എട്ട് ഘട്ടത്തിൽ ഇന്ത്യയ്ക്ക് ഇനി രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട് . അടുത്ത മത്സരം സിംബാബ്‌വെക്കെതിരെയും, അവസാന മത്സരം വെസ്റ്റ് ഇൻഡീസിനെതിരെയും ആണ്.സെമിഫൈനലിലേക്ക് കടക്കാൻ ഇന്ത്യക്ക് ഇരു മത്സരങ്ങളും ജയിക്കേണ്ടത് അത്യാവശ്യമാണ്.ഈ ലോകകപ്പിൽ ഇതുവരെ തിളങ്ങാൻ കഴിയാതിരുന്ന തിലക് വർമ്മയ്ക്ക് പകരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തണമെന്നാണ് ആരാധകരുടെ വാദം. മധ്യനിരയ്ക്ക് സ്ഥിരതയും ആക്രമണ സ്വഭാവവും നൽകാൻ സാംസണിന് കഴിയും എന്ന വിശ്വാസം ശക്തമാണ്. സിംബാബ്‌വെയ്ക്കെതിരായ നിർണായക പോരാട്ടത്തിന് മുന്നോടിയായി ടീം മാനേജ്മെന്റ് എന്ത് തീരുമാനം എടുക്കും എന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്.



Post a Comment

Previous Post Next Post

AD01