വിദ്യാർഥികളുടെ കരവിരുതിൽ തെളിഞ്ഞ ക്രിയേറ്റീവ് ഫെസ്റ്റ്


പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം, കൊച്ചിൻ ശാസ്ത്ര സാങ്കേതിക യൂണിവേഴ്‌സിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റ് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ  വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജീവിതയാത്രയിൽ നേടിയെടുക്കുന്ന അറിവാകണം വിദ്യാർഥി സമൂഹത്തിന്റെ ലഹരിയെന്ന് മന്ത്രി പറഞ്ഞു. ഗവ. മെൻ ടി.ടി.ഐ ക്യാമ്പസിൽ നടന്ന പരിപാടിയിൽ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷയായി. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വീഡിയോ നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ സ്റ്റുഡിയോയും ടി.ടി.ഐ ക്യാമ്പസിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ഫണ്ടായ പത്തുലക്ഷം രൂപ ചെലവഴിച്ച് തയ്യാറാക്കിയ സ്റ്റുഡിയോയിൽ അത്യാധുനിക ക്യാമറ, റെക്കോർഡിങ് സംവിധാനങ്ങൾ, എഡിറ്റിംഗ് സ്യൂട്ട്, വെളിച്ച സംവിധാനങ്ങൾ എന്നിവയുണ്ട്. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളുടെയും ആവശ്യങ്ങൾക്കായുള്ള സ്റ്റുഡിയോ ആണിത്. ക്രിയറ്റീവ് കോർണറുകൾ പ്രവർത്തിക്കുന്ന 35 വിദ്യാലയങ്ങളിൽ നിന്നുള്ള യു.പി വിഭാഗം കുട്ടികളാണ്  ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റിൽ പങ്കെടുത്തത് മേളയിൽ കുട്ടികൾ നിർമിച്ച വസ്തുക്കളുടെ പ്രദർശനവും തത്സമയ നിർമാണവും 35 സ്റ്റാളുകളിലായി നടന്നു. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് നാലു വരെയായിരുന്നു പ്രദർശനം. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, കുക്കിംഗ്, ഫാഷൻ ഡിസൈനിംഗ്, വുഡ് വർക്ക്, അഗ്രിക്കൾച്ചർ, പ്ലംബിംഗ് തുടങ്ങിയവയിലാണ് കുട്ടികൾ വിവിധ വസ്തുക്കൾ നിർമ്മിച്ചിരിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി. ഷൈനി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. വിനോദ് കുമാർ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഇ.സി. വിനോദ്, വിദ്യാകിരണം കോ ഓർഡിനേറ്റർ കെ.സി സുധീർ, കൈറ്റ് കോ ഓർഡിനേറ്റർ സുരേന്ദ്രൻ അടുത്തില, തളിപ്പറമ്പ് ഡി.ഇ.ഒ. എസ് വന്ദന,  കണ്ണൂർ ഡി.ഇ.ഒ ഇൻ ചാർജ് കെ. മനോജ്, എസ്.എസ്.കെ ജില്ലാ പോഗ്രാം ഓഫീസർമാരായ  ഡോ. കെ.വി. ദീപേഷ്,  ഡോ. കെ. രാജേഷ്, ഡോ. പി.കെ.സഭിത്ത്, കണ്ണൂർ നോർത്ത് എ.ഇ.ഒ എൻ. സുജിത്ത്, ഗവ. മെൻ ടി.ടി.ഐ പ്രിൻസിപ്പൽ കെ.വി. അഞ്ജന എന്നിവർ സംസാരിച്ചു. 



Post a Comment

أحدث أقدم

AD01