ഇന്ത്യയിലെ പ്രശസ്ത ഫോട്ടോ ജേണലിസ്റ്റുകളിൽ ഒരാളായ രഘു റായ് അന്തരിച്ചു. ഇന്ത്യൻ ഫോട്ടോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്ന റായ് 83-ാം വയസിലാണ് വിടവാങ്ങിയത്. ശനിയാഴ്ച ദില്ലിയിലെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് മരണവിവരം പങ്കുവെച്ചത്. ദൃശ്യങ്ങളിലൂടെയുള്ള കഥപറച്ചിൽ രീതിയ്ക്ക് പുതിയ മാനം നൽകിയ പ്രതിഭയാണ് മടങ്ങിയിരിക്കുന്നത്.
ഇന്ത്യൻ ഫോട്ടോഗ്രഫിയിലെയും ഫോട്ടോ ജേണലിസത്തിലെയും അതികായനായ രഘു റായിയുടെ ക്യാമറക്കണ്ണുകളിലൂടെയാണ് പലപ്പോഴും രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം ലോകം കണ്ടത്. ഇന്ദിരാ ഗാന്ധിയടക്കം ഇന്ത്യയുടെ മുൻനിര ഭരണാധികാരികളുടെ അത്യപൂർവ്വമായ ചിത്രങ്ങളും അദ്ദേഹത്തിന്റെ ഫോട്ടോഗ്യാലറിയിലുണ്ട്.
1960-കളിലാണ് റായ് തന്റെ കരിയർ ആരംഭിക്കുന്നത്. ദി സ്റ്റേറ്റ്‌സ്‌മാനിൽ ചീഫ് ഫോട്ടോഗ്രാഫറായി ചേർന്നതിനുശേഷം അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. ഇതിഹാസ ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ-ബ്രെസന്റെ നാമനിർദ്ദേശത്തെത്തുടർന്ന്, മാഗ്നം ഫോട്ടോസുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചു.
ഭോപ്പാൽ ദുരന്തത്തിന്റെ നടുക്കുന്ന യാഥാർഥ്യം ലോകത്തിന് കാണിച്ചുകൊടുത്തതും റായിയുടെ ക്യാമറക്കണ്ണുകളാണ്. ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു കുഞ്ഞിന്റെ മൃതദേഹത്തിന്റെ ചിത്രം രഘു റായിയിലൂടെ ലോകം കണ്ടു. മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറും അദ്ദേഹം തന്നെ. 18ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ടൈം, ലൈഫ്, ജിയോ, ന്യൂയോർക്ക് ടൈംസ്, സൺഡെ ടൈംസ്, ന്യൂസ് വീക്ക്, ദി ഇൻഡിപ്പെൻഡന്റ്, ന്യൂയോർക്കർ എന്നിവയിലുൾപ്പെടെ റായിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാരി, എഡ്യുക്കേഷനിസ്റ്റ്, ഹെറിറ്റേജ് കൺസർവേഷനിസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗുർമീത് റായ് ആണ് അദ്ദേഹത്തിന്റെ ജീവിത പങ്കാളി. നിതിൻ, ആവണി, പുർവൈ എന്നിവർ മക്കളാണ്. ലോധി റോഡ് ശ്മാശനത്തിലാണ് സംസ്‌കാരം നടക്കുക.
.jpg)



إرسال تعليق