പഞ്ചായത്ത് ഫണ്ട് സ്വന്തം പോക്കറ്റിലിട്ടാൽ ഇതാണ് അവസ്ഥ!


ലക്ഷങ്ങളുടെ സർക്കാർ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയ മുൻ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർക്ക് (VEO) 45 വർഷം കഠിനതടവും വൻ പിഴയും. വിതുര ഗ്രാമപഞ്ചായത്തിലെ മുൻ വിഇഒയും നെട്ടയം സ്വദേശിയുമായ എസ്.ജി. ദിനുവിനെയാണ് (41) തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് എ. മനോജ് കടുത്ത ശിക്ഷയ്ക്ക് വിധിച്ചത്. ​2012-2015 കാലഘട്ടത്തിൽ വിതുര പഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾക്കായി ഗുണഭോക്താക്കൾക്ക് നൽകാൻ സർക്കാർ അനുവദിച്ച തുകയിൽ നിന്ന് 13,80,000 രൂപയാണ് ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി തട്ടിയെടുത്തത്. ഓഡിറ്റ് വിഭാഗത്തെ പറ്റിക്കാൻ വേണ്ടി അക്കൗണ്ട് ബുക്കുകളിൽ തിരുത്തലുകൾ വരുത്തുകയും വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തു. 45 വർഷത്തെ തടവിന് പുറമെ 6,35,000 രൂപ പിഴയായും ഇയാൾ ഒടുക്കണം. വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 അന്വേഷണം പൂർത്തിയാക്കിയ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അമ്പൂരി ഗ്രാമപഞ്ചായത്തിൽ വിഇഒ ആയിരിക്കെ നടത്തിയ മറ്റൊരു സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് 2023 മുതൽ പ്രതി സസ്പെൻഷനിലായിരുന്നു. പൊതുജനങ്ങളുടെ നികുതിപ്പണം കവർന്ന് സുഖിക്കാൻ നോക്കുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് നിയമസംവിധാനം നൽകിയ ഏറ്റവും വലിയ തിരിച്ചടിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.



Post a Comment

Previous Post Next Post

AD01