ഭാരത് സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി നടൻ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ മാതൃകയായി.

 


രാജ്യത്തിന്റെ പുരോഗതിക്കും വികസന ക്ഷേമ പ്രവർത്തനങ്ങൾക്കും കരുത്തുപകരുന്ന ദേശീയ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ് 2027) പ്രക്രിയകൾക്ക് കേരളത്തിലും ഊർജ്ജസ്വലമായ തുടക്കം. ഇതിന്റെ ഭാഗമായി, പ്രശസ്ത ചലച്ചിത്ര നടൻ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ മൊബൈൽ ഫോൺ വഴി സെൻസസ് പോർട്ടലിൽ സെൽഫ് എന്യൂമറേഷൻ നടത്തി സ്വന്തം വിവരങ്ങൾ രേഖപ്പെടുത്തി മാതൃകയായി. തൃക്കരിപ്പൂർ തടിയ്യൻകൊവ്വലിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച്, ജില്ലയിലെ സെൻസസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിവരശേഖരണം. രാജ്യത്തിന്റെ കൃത്യമായ വികസന ആസൂത്രണത്തിനായി പൊതുജനങ്ങൾ ഏവരും സെൽഫ് എന്യൂമറേഷനിലൂടെ വിവരങ്ങൾ സ്വയം രേഖപ്പെടുത്തി ഈ ദേശീയ ദൗത്യത്തിൽ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ സെൻസസ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ വീടുകളുടെ വിവരശേഖരണമാണ് നടക്കുന്നത്. പൊതുജനങ്ങൾക്ക് സ്വന്തം നിലയിൽ വിവരങ്ങൾ സെൻസസ് പോർട്ടലിൽ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനുള്ള (സെൽഫ് എന്യൂമറേഷൻ) സൗകര്യം ഈ മാസം (ജൂൺ) 30 വരെ ലഭ്യമാണ്. ഇത്തരത്തിൽ വിജയകരമായി വിവരങ്ങൾ രേഖപ്പെടുത്തുന്നവർക്ക് 11 അക്ക ഐഡന്റിഫിക്കേഷൻ നമ്പർ ലഭിക്കും. ഈ ഐഡി നമ്പർ അടുത്ത മാസം (ജൂലൈയിൽ) വീടുകളിൽ നേരിട്ടെത്തുന്ന എന്യൂമറേറ്റർമാർക്ക് കൈമാറിയാൽ മതിയാകും. ഇത് സെൻസസ് പ്രക്രിയ കൂടുതൽ ലളിതവും സുതാര്യവുമാക്കാൻ സഹായിക്കും.

തുടർന്ന്, സെൻസസിന്റെ രണ്ടാം ഘട്ടമായ യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക. ഈ മഹാദൗത്യത്തോട് പൂർണ്ണമായി സഹകരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഓർമ്മിപ്പിച്ചു.

അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, സെൻസസ് ഡയറക്ടറേറ്റിലെ ജില്ലാ ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥൻ ടി. രാജ്കുമാർ, കളക്ടറേറ്റ് സെൻസസ് വിഭാഗത്തിലെ ജൂനിയർ സൂപ്രണ്ട് ജഗദീഷ്, പി. രാഗേഷ്, കളക്ടറുടെ ഇൻ്റേൺ കൃതിക തുടങ്ങിയവരും സന്നിഹിതരായിരുന്നു.



Post a Comment

0 Comments