അയര്‍ലന്‍ഡ് പര്യടനം സുവര്‍ണാവസരം; സൂപ്പര്‍ താരങ്ങളുടെ ആ ‘എലൈറ്റ് പട്ടിക’യുടെ തൊട്ടരികില്‍ സഞ്ജു സാംസണ്‍


രാജ്യാന്തര ടി20യില്‍ 1,500 റണ്‍സ് തികയ്ക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ് ഇനി വേണ്ടത് 101 റണ്‍സ് മാത്രം. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഈ നേട്ടം മറികടക്കുന്നതിനുള്ള സുവര്‍ണാവസരമാണ്. ഇതുവരെ എട്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് രാജ്യാന്തര ടി20യില്‍ 1,500 റണ്‍സ് പിന്നിട്ടത്. സഞ്ജുവിനൊപ്പം, അഭിഷേക് ശര്‍മയും, തിലക് വര്‍മ്മയും ഈ നേട്ടത്തിന്റെ തൊട്ടരികിലുണ്ട്. 1,399 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. അഭിഷേക് ശര്‍മ ടി20യില്‍ 1,438 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. തിലക് വര്‍മ്മയുടെ അക്കൗണ്ടില്‍ 1,390 റണ്‍സുണ്ട്. ഇഷാന്‍ കിഷന്‍ ഇതുവരെ 1,328 റണ്‍സ് നേടി. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാമത്. 4,231 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. 4,188 റണ്‍സ് നേടിയ വിരാട് കോലിയാണ് രണ്ടാമത്. സൂര്യകുമാര്‍ യാദവും (3,272 റണ്‍സ്), ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് (2,288) മൂന്നും നാലും സ്ഥാനങ്ങളില്‍. കെഎല്‍ രാഹുല്‍ (2,265), ശിഖര്‍ ധവാന്‍ (1,759 റണ്‍സ്), എംഎസ് ധോണി (1,617 റണ്‍സ്), സുരേഷ് റെയ്‌ന (1,605 റണ്‍സ്) എന്നിവരാണ് 1,500 റണ്‍സ് പിന്നിട്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഈ എലൈറ്റ് പട്ടികയില്‍ ഇടം നേടാനുള്ള അവസരമാണ് സഞ്ജുവടക്കമുള്ള താരങ്ങളെ കാത്തിരിക്കുന്നത്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പരമ്പരകള്‍ക്കും, ഏഷ്യന്‍ ഗെയിംസിനും വേണ്ടി തകര്‍പ്പന്‍ പരിശീലനത്തിലാണ് സഞ്ജു. നെറ്റ്‌സില്‍ പരിശീലനത്തിനിടെ അനായാസം സിക്‌സറുകള്‍ പറത്തുന്നതിന്റെ വീഡിയോ താരത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചെസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

പരിശീലന വീഡിയോ:

ഐപിഎല്ലില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഈ സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ ഒരേയൊരു താരവും സഞ്ജുവായിരുന്നു. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും സഞ്ജുവായിരുന്നു. അയര്‍ലന്‍ഡിനെതിരെ രണ്ട് ടി20 പരമ്പരകളാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26, 28 തീയതികളിലാണ് മത്സരം. സഞ്ജുവിനും, അഭിഷേകിനും പുറമെ 15-കാരന്‍ വൈഭവ് സൂര്യവംശിയെയും ഓപ്പണിങ് സ്ഥാനത്തിലേക്ക് പരിഗണിക്കുന്നുണ്ട്. വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാല്‍ സഞ്ജു, അഭിഷേക് എന്നിവരില്‍ ഒരാള്‍ക്ക് പുറത്തുപോകേണ്ടി വരും. അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളും ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ക്രിക്കറ്റ് ക്ലബിലാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ആറു മണിക്കാണ് രണ്ട് മത്സരങ്ങളും. അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്‌: ശ്രേയസ് അയ്യർ (ക്യാപ്റ്റന്‍), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വർമ്മ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി.

Post a Comment

0 Comments