പോസ്റ്റിങ്ങ് ലഭിക്കാത്തതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാര്‍ വീട്ടിലിരുന്ന് ശമ്പളം പറ്റുന്നു. പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവരാണ് പോസ്റ്റിങ്ങ് ലഭിക്കാതെ വീട്ടിലിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍വീസ് സംഘടനകളിലെ തര്‍ക്കമാണ് പോസ്റ്റിംഗ് വൈകാന്‍ കാരണമെന്നാണ് വിവരം.രണ്ട് ലക്ഷത്തിന് മുകളില്‍ മാസശമ്പളമുള്ള ജീവനക്കാരാണ് ജോലിയൊന്നും ചെയ്യാതെ വീട്ടിലിരുന്ന് ശമ്പളം പറ്റുന്നത്. പൊതു ഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥര്‍ അടക്കം 50 ഓളം പേരാണ് പോസ്റ്റിങ്ങ് ലഭിക്കാതെ വീട്ടിലിരിക്കുന്നത്. മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവര്‍ക്കാണ് തിരികെ വന്നിട്ടും പോസ്റ്റിങ്ങ് ലഭിക്കാത്തത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലും മറ്റും ഉള്‍പ്പെട്ടവര്‍ ഡെപ്യൂട്ടേഷനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതോടെ അത്രയും ഉദ്യോഗസ്ഥര്‍ക്ക് മാതൃസര്‍വീസിലേക്ക് മടങ്ങേണ്ടതായി വന്നു. എന്നാല്‍ പോസ്റ്റിങ് കിട്ടാതായതോടെ ഇവര്‍ക്ക് കാത്തിരിക്കേണ്ടി വരികയായിരുന്നു.ഈ ജീവനക്കാര്‍ പോസ്റ്റിങ്ങ് ഇല്ലാതെ വെറുതെയിരിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. സെക്രട്ടേറിയേറ്റില്‍ പോസ്റ്റ് ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ വെറുതെയിരിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകളിലേക്ക് നിയമനങ്ങള്‍ നടക്കാത്തത് കോണ്‍ഗ്രസ് സര്‍വീസ് സംഘടനകളിലെ തര്‍ക്കങ്ങള്‍ മൂലമെന്നാണ് വിവരം. ഭരണാനുകൂല സംഘടനകളില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാനുള്ള തന്ത്രം ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിവരം.






0 Comments