തിരുവനന്തപുരം കോർപ്പറേഷനിൽ അവിശുദ്ധ കൂട്ടുകെട്ട്; ബിജെപിയുടെ ബി ടീമായി യുഡിഎഫ്: വി ശിവന്‍കുട്ടി


തിരുവനന്തപുരം: ബിജെപി ഭരണത്തിന് കീഴില്‍ തിരുവനന്തപുരം നഗരസഭ പൂര്‍ണ്ണമായും ഭരണസ്തംഭനത്തിലേക്ക് കൂപ്പുകുത്തിയെന്ന് മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന സമിതി അംഗവുമായ വി ശിവന്‍കുട്ടി. നഗരസഭ ഓഫീസും അനുബന്ധ ഏജന്‍സികളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന ഭരണപരാജയത്തിനെതിരെ എല്‍ഡിഎഫ് നിരന്തരമായ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍, അതിനെ ദുര്‍ബലപ്പെടുത്താന്‍ യുഡിഎഫ് ബിജെപിയുമായി ഒത്തുകളിക്കുകയാണ്. ബിജെപിയുടെ ഭരണപരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ യുഡിഎഫ് നടത്തുന്ന നാടകങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അവിശ്വാസ പ്രമേയ നീക്കം എന്നും ശിവന്‍കുട്ടി പറഞ്ഞു. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. നഗരത്തിലെ തെരുവുവിളക്കുകള്‍ ഭൂരിഭാഗവും കത്തുന്നില്ല. തെരുവുനായ ശല്യം രൂക്ഷമായിട്ടും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. മാലിന്യ സംസ്‌കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും താറുമാറായി. സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും തടസപ്പെട്ടു കിടക്കുന്നു. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലം സാധാരണക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. കാപ്പ കേസില്‍ പ്രതിയായ കൗണ്‍സിലറെ സംരക്ഷിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. ഇയാള്‍ക്ക് അയോഗ്യത വരാതിരിക്കാന്‍ വ്യാജരേഖകള്‍ ചമയ്ക്കുന്നതടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന കേന്ദ്രമായി നഗരസഭ മാറിയിരിക്കുന്നുവെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്ന യുഡിഎഫ് നേതൃത്വം വലിയൊരു തമാശയാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യമായ അംഗബലം യുഡിഎഫിന് കൗണ്‍സിലിലില്ലെന്ന് അവര്‍ക്ക് തന്നെ നന്നായറിയാം. എന്നിട്ടും ഇത്തരമൊരു നീക്കം പ്രഖ്യാപിച്ചത് ബിജെപിയെ രക്ഷിക്കാനാണ്. ഭരണപരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ബിജെപിയും യുഡിഎഫും തമ്മില്‍ വ്യക്തമായ 'ഡീല്‍' നിലവിലുണ്ട്. എല്‍ഡിഎഫ് നടത്തുന്ന ജനകീയ സമരങ്ങളെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ബിജെപിയുടെ ബി ടീമായി യുഡിഎഫ് അധഃപതിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ജനങ്ങളെ ദ്രോഹിക്കുന്ന കോര്‍പ്പറേഷന്‍ ഭരണസമിതിയെ നിലയ്ക്ക് നിര്‍ത്താന്‍ എല്‍ഡിഎഫ് ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.



Post a Comment

0 Comments