കണ്ണൂർ: ആരോഗ്യമേഖലയിൽ രോഗപ്രതിരോധത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. "ആരോഗ്യമാണ് നമ്മുടെ സമ്പത്ത്. രോഗം വരാതെ നോക്കലാണ് ഉത്തമം. അതുകൊണ്ടു തന്നെ രോഗപ്രതിരോധത്തിന് ഏറെ പ്രാധാന്യമുണ്ട്," മന്ത്രി പറഞ്ഞു. ദേശീയ പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി അഞ്ച് വയസ് വരെയുള്ള കുട്ടികൾക്കുള്ള പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജെറോബ് മാത്യു ലിൻഡോ എന്ന കുരുന്നിന് രണ്ട് തുള്ളി പോളിയോ മരുന്ന് നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. അഡ്വ. ടി. ഒ. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മുഖ്യാതിഥിയായി. തുടർന്ന് കുട്ടികൾക്ക് എം.എൽ.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും തുള്ളിമരുന്ന് നൽകി. പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. കെ. സി. സച്ചിൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. അശ്വിൻ ജി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി അബൂബക്കർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. രമ്യ ടി. കെ, ടെക്നിക്കൽ അസിസ്റ്റൻ്റ് എം. ബി. മുരളി, ജില്ലാ നഴ്സിംഗ് ഓഫീസർ വിനോദിനി, എൻ.സി.എച്ച് ഓഫീസർ (ഇൻ-ചാർജ്) ഗീത പി. ടി , നഴ്സിംഗ് സൂപ്രണ്ട് ശാന്ത, ആർ.എം.ഒ ഡോ. സുമിൻ മോഹൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു. ജില്ലയിൽ അഞ്ചു വയസ് വരെയുള്ള 141810 കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ഇതിനായി 1573 ബൂത്തുകൾ പ്രത്യേകം സജ്ജീകരിച്ചു. ബസ് സ്റ്റാൻഡ്, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ 46 ട്രാൻസിറ്റ് ബൂത്തുകളും അതിഥി സംസ്ഥാന തൊഴിലാളികളുടേത് ഉൾപ്പെടെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് 60 മൊബൈൽ ബൂത്തുകളും ഒരുക്കി. ഏതെങ്കിലും കാരണവശാൽ ജൂൺ 28 ന് വാക്സിൻ ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ വളണ്ടിയർമാർ / ആരോഗ്യ പ്രവർത്തകർ മുഖേന വീടുകളിൽ പോളിയോ വാക്സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.





0 Comments