EDഉദ്യോഗസ്ഥർക്കെതിരായ ആക്രമണം;9-ാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതിയിലേക്ക്


തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടന്ന ആക്രമണത്തില്‍ ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. മ്യൂസിയം എസ് എച്ച് ഒയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. കഴിഞ്ഞ ദിവസം ഇ ഡിയും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ മ്യൂസിയം എസ്എച്ച്ഒയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി കൂടിക്കാഴ്ച നടത്തിയത്. നാളെ തന്നെ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. എന്ത് സാഹചര്യത്തിലാണ് ജില്ലാ സെഷന്‍സ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് എന്നതില്‍ മ്യൂസിയം എസ്എച്ച്ഒ കൃത്യമായ വിശദീകരണം ഡിജിപിക്ക് നല്‍കിയിട്ടുണ്ട്. പതിമൂന്ന് കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ് പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് റിപ്പോട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പൊലീസിന്റെ ഈ റിപ്പോര്‍ട്ടിന്മേലുള്ള വാദത്തെക്കുറിച്ച് പ്രോസിക്യൂട്ടര്‍ പൊലീസിനെ അറിയിച്ചില്ല. ജാമ്യം അനുവദിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടാണ് പ്രോസിക്യൂട്ടര്‍ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടാണ് ജില്ലാ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നാണ് എസ്എച്ച്ഒ ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ പ്രത്യേകം പ്രോസിക്യൂട്ടര്‍ വേണമെന്ന ആവശ്യം മ്യൂസിയം എസ്എച്ച്ഒ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതോടെ അതിന് അനുകൂല നിലപാട് ഉണ്ടായെന്നാണ് വിവരം.



Post a Comment

0 Comments