എസ്ഐയായി നിയമനം നല്‍കിയ മുന്‍ സര്‍ക്കാര്‍ നടപടി റദ്ദാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഇടപെടലില്‍ പ്രതികരിച്ച് ബോഡി ബില്‍ഡിങ് താരം ഷിനു ചൊവ്വ. ഇലയിട്ടിട്ട് ഊണില്ല എന്ന് പറഞ്ഞ അവസ്ഥയാണെന്ന് ഷിനു ചൊവ്വ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുമെന്നും തന്റെ നിയമനം റദ്ദാക്കുന്നത് കായികതാരങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷിനു ചൊവ്വ പറഞ്ഞു. 69 മില്ലി സെക്കന്റിന്റെ പേരിലാണ് വേട്ടയാടുന്നതെന്നും നാല് ദിവസം മുന്‍പാണ് കായികക്ഷമത പരീക്ഷ അറിയിക്കുന്നതെന്നും ഷിനു ചൊവ്വ കൂട്ടിച്ചേര്‍ത്തു.
'നിയമപരമായാണ് നിയമനം നേടിയത്. എന്റെ നിയമനം റദ്ദാക്കാന്‍ ഒരു കൂട്ടം ആളുകള്‍ ആസൂത്രിതമായി ഇടപെടുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല ഞാന്‍. എന്റെ യോഗ്യത ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. മെഡിക്കലിലും പരാജയപ്പെടുത്താന്‍ ശ്രമം നടന്നു, പക്ഷേ നടന്നില്ല. എനിക്കെതിരെയുള്ള നീക്കം ഗൂഢാലോചനയുടെ ഭാഗമാണ്', ഷിനു ചൊവ്വ പറഞ്ഞു.മുന്‍ സര്‍ക്കാരിന്റെ കാലത്ത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഷിനു ചൊവ്വയ്ക്ക് എസ്ഐയായി നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടിയാണ് റദ്ദാക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. ഷിനു ചൊവ്വയുടെ പരിശീലനം നിര്‍ത്തിവെയ്ക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി. പരാതികളില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിപിയോട് നിര്‍ദേശിച്ചു.ശരീരസൗന്ദര്യ മത്സരവിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു നിയമനം നല്‍കിയത്. ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ട ഇരുവരുടെയും നിയമനം പാര്‍ട്ടി ബന്ധം കണക്കിലെടുത്താണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു നിയമനനീക്കം. ഇതോടനുബന്ധിച്ച് എം ആര്‍ അജിത് കുമാറിനെ പൊലീസിന്റെ സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസര്‍ ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ നിയമനം നല്‍കാമെന്നും ബോഡി ബില്‍ഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നുമായിരുന്നു എഡിജിപി എസ് ശ്രീജിത്ത് പ്രതികരിച്ചത്.






0 Comments