തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാ പ്രവര്‍ത്തന കേസ് അട്ടിമറിയില്‍ എം ആര്‍ അജിത്കുമാറിന് കുരുക്കായത് ഡിജിറ്റല്‍ തെളിവ്. കേസ് റഫര്‍ ചെയ്യാന്‍ അന്വേഷണ സംഘത്തിന് നല്‍കിയ നിര്‍ദേശമാണ് പ്രധാന തെളിവായത്. കേസ് റഫര്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതായാണ് സന്ദേശമയച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും കുരുക്കായി. കേസ് റഫര്‍ ചെയ്യാന്‍ എം ആര്‍ അജിത് കുമാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതായും എസ്‌ഐടിക്ക് മൊഴി ലഭിച്ചിരുന്നു. കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കുമെന്നാണ് വിവരം. മൂന്ന് ഡിവൈഎസ്പിമാരെ ഡിജിപി സസ്‌പെന്‍ഡ് ചെയ്‌തേക്കും. ഡിവൈഎസ്പിമാര്‍ക്ക് എതിരായ നടപടിക്ക് ആഭ്യന്തരമന്ത്രി ശുപാര്‍ശ ചെയ്തിരുന്നു. രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ക്ക് എതിരെയും നടപടി ഉണ്ടാകും. ഡിജിപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അജിത് കുമാറിനെതിനെതിരെ നടപടി വന്നത്. കേസ് അട്ടിമറിയില്‍ ഇടപെടല്‍ വ്യക്തമായതോടെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നല്‍കിയത്. സസ്പെന്‍ഷന്‍ ലഭിച്ചതോടെ എം ആര്‍ അജിത് കുമാറിന്റെ പ്രൊമോഷന്‍ തടയപ്പെടും. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല. ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനകേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുള്ള എസ്ഐടി റിപ്പോര്‍ട്ട് ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഗണ്‍മാന്‍മാരുടെ മര്‍ദ്ദനക്കേസ് എം ആര്‍ അജിത് കുമാര്‍ അട്ടിമറിച്ചു എന്നാണ് എസ്ഐടി കണ്ടെത്തല്‍. മര്‍ദ്ദന കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്നും തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നുമായിരുന്നു അജിത് കുമാറിനെതിരെ എസ്‌ഐടിയുടെ കണ്ടെത്തലുണ്ട്. എഡിജിപി അജിത് കുമാര്‍ പറഞ്ഞിട്ടാണ് തിരുത്തല്‍ നടത്തിയതെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. അജിത് കുമാറിനെതിരെ മുന്‍ അന്വേഷണ സംഘത്തിന്റെ മൊഴി ഉള്‍പ്പടെ എസ്‌ഐടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചെന്നും മൊഴിയുണ്ടായിരുന്നു. അതേസമയം അജിത് കുമാറിനതെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്തെത്തി. എം ആര്‍ അജിത് കുമാര്‍ പൊലീസ് സേനക്ക് അപമാനമെന്നാണ് മന്ത്രി കെ മുരളീധരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. കഴിഞ്ഞ 10 വര്‍ഷം പിണറായിയുടെ വീട്ടിലെ ജോലിക്കാരനെ പോലെയാണ് അജിത്കുമാര്‍ പ്രവര്‍ത്തിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് തൃശൂര്‍ പൂരം കലക്കി. കരിങ്കൊടി കാണിച്ചയാളെ കൊല്ലാന്‍ ശ്രമിച്ചു. ഇതെല്ലാം ആര്‍ക്കുവേണ്ടിയാണ് ചെയ്തതെന്നും ചേര്‍ത്തുപിടിക്കല്‍ അല്ല തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പൂരം കലക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.






0 Comments