പണി വരുന്നുണ്ട്; ലോകകപ്പ് വിജയാഘോഷം അതിരുവിടുന്നു; നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും


കോഴിക്കോട്: ഫുട്‌ബോള്‍ ആവേശം അതിരുവിടുന്നതില്‍ മുന്നറിയിപ്പുമായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍. അപകടകരമായി ഓടിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ ഷൗക്കത്തലി അറിയിച്ചു.. വിജയാഘോഷത്തിന്റെ പേരില്‍ സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിക്കരുതെന്നും അപകടകരമായി വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. '2026 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരില്‍ ഹെല്‍മെറ്റ് ധരിക്കാതെയും ലൈസന്‍സ് ഇല്ലാതെയും അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കുന്നതും വാഹനങ്ങള്‍ കൂടുതല്‍ ആളുകളെ കയറ്റി അമിതശബ്ദത്തില്‍ ഹോണ്‍ മുഴക്കിയും മറ്റും പൊതുജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്ന പ്രവണതകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ ഗുരുതര അപകടങ്ങള്‍ക്കും ജീവഹാനിക്കും കാരണമാകാന്‍ സാധ്യതയുളളതിനാല്‍ പൊതുസുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ട വാഹനങ്ങള്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കുകയും അപകടകരമാംവിധം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും' എന്നാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ പി ഷൗക്കത്തലി ഐപിഎസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.



إرسال تعليق

0 تعليقات