യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍


യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം. കപ്പലില്‍ ഉണ്ടായിരുന്ന 17 പേരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് വിവരം. ഇന്ത്യക്കാരില്‍ രണ്ട് പേര്‍ സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ. എംജി എജിഎന്‍ റഗ്‌നാര്‍ എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കാണാതായ ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു. അടിയന്തിരമായി ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും പങ്കുവച്ചിട്ടുണ്ട്. അതിനിടെ, കരിങ്കടല്‍ മേഖലയിലെ സുരക്ഷാ ഭീഷണിയില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. തൊഴിലുടമകളില്‍ നിന്ന് കപ്പല്‍ പോകുന്ന വഴികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഉറപ്പാക്കണം. ജോലിയുടെ കരാര്‍ വ്യവസ്ഥകള്‍ അന്താരാഷ്ട്ര മാരിടൈം നിയമങ്ങള്‍ പ്രകാരമുള്ളതാണെന്ന് ഉറപ്പുവരുത്തണം. യാത്രാവിവരങ്ങള്‍ കുടുംബാംഗങ്ങളെ അറിയിക്കുകയും, അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും വേണം. അടിയന്തര സഹായങ്ങള്‍ക്കായി മേഖലയിലുള്ള ഇന്ത്യന്‍ എംബസിയെയോ കോണ്‍സുലേറ്റുകളെയോ ബന്ധപ്പെടണം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം – തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. മേഖലയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര മുന്നറിയിപ്പ്. 2022 ഫെബ്രുവരിയില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഉക്രെയ്‌നിലെ ഒഡേസ തുറമുഖത്ത് പലതവണ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. നേരത്തെ ജൂലൈ 19-ന്, ഒഡേസ തുറമുഖത്ത് വച്ച് കപ്പലിന് നേരെ നടന്ന ആക്രമണത്തില്‍ നാല് ഇന്ത്യക്കാര്‍ മരിക്കുകയും ഒരാള്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു.



إرسال تعليق

0 تعليقات