ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട പുതിയ സി ബി 300 എഫ് ട്വിസ്റ്റർ അവതരിപ്പിച്ചു. ജനപ്രിയ സി ബി 300 എഫ് മോഡലിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച പുതിയ ബൈക്ക് നിലവിൽ ലാറ്റിനമേരിക്കൻ വിപണികളിലാണ് എത്തിയിരിക്കുന്നത്. പുത്തൻ രൂപകൽപ്പനയ്ക്കൊപ്പം പെട്രോളിലും എത്തനോളിലും പ്രവർത്തിക്കുന്ന എൻജിനാണ് പ്രധാന ആകർഷണം.
എത്തനോളിൽ കൂടുതൽ കരുത്ത്
293.5 സി സി, ഒറ്റ സിലിണ്ടർ, എസ് ഒ എച്ച് സി, ഓയിൽ കൂൾഡ് എൻജിനാണ് പുതിയ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 24.5 ബി എച്ച് പി കരുത്തും 25.6 എൻ എം ടോർക്കും ലഭിക്കും. എത്തനോൾ ഉപയോഗിക്കുമ്പോൾ കരുത്ത് 24.7 ബി എച്ച് പി ആയും ടോർക്ക് 26.2 എൻ എം ആയും ഉയരും. 6 സ്പീഡ് ഗിയർബോക്സാണ് എൻജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 14.2 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.
കൂടുതൽ മസ്‍കുലർ രൂപം
പുതിയ സി ബി 300 എഫ് ട്വിസ്റ്ററിന്റെ രൂപത്തിലും കാര്യമായ മാറ്റങ്ങളുണ്ട്. കൂടുതൽ മസ്‍കുലർ രൂപത്തിലുള്ള ഇന്ധന ടാങ്കും പുതുതായി രൂപകൽപ്പന ചെയ്ത ടാങ്ക് ഷ്രൗഡുകളും ബൈക്കിന് കൂടുതൽ സ്പോർട്ടി ഭാവം നൽകുന്നു. എൽ ഇ ഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലും മാറ്റം വരുത്തിയിട്ടുണ്ട്. വെറും 142 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്. നഗര യാത്രകളിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ ഭാരം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുരക്ഷയ്ക്കും ഫീച്ചറുകൾക്കും മുൻതൂക്കം
യു എസ് ഡി ഫ്രണ്ട് ഫോർക്കുകൾ, മുന്നിലും പിന്നിലും ഡിസ്‍ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എ ബി എസ്, എൽ ഇ ഡി ലൈറ്റുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. പൂർണമായും ഡിജിറ്റൽ എൽ സി ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ സംവിധാനവും ലഭിക്കും. ഹോണ്ട ഇഗ്നിഷൻ സെക്യൂരിറ്റി സിസ്റ്റം എന്ന സുരക്ഷാ സംവിധാനവും പുതിയ മോഡലിലുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സ്പോർട്ടി ലുക്ക് നൽകുന്നതിനായി പിൻ കൗൾ നീക്കം ചെയ്യാനും സാധിക്കും.
ഇന്ത്യയിലേക്ക് തിരിച്ചെത്തുമോ?
ബ്രസീലിൽ 26,880 ബി ആർ എൽ മുതലാണ് സി ബി 300 എഫ് ട്വിസ്റ്ററിന്റെ വില. ഇന്ത്യൻ രൂപയിൽ ഏകദേശം 4.93 ലക്ഷം രൂപ വരും. ഇന്ത്യയിൽ പുതിയ മോഡൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഹോണ്ട ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2022 ഓഗസ്റ്റിലാണ് സി ബി 300 എഫ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ പ്രതീക്ഷിച്ച വിൽപ്പന നേടാനാകാത്തതിനെ തുടർന്ന് മോഡൽ പിന്നീട് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചു. പുതിയ രൂപവും കുറഞ്ഞ ഭാരവും ഫ്ലെക്സ് ഫ്യുവൽ സാങ്കേതികവിദ്യയും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിയാൽ 250 മുതൽ 300 സി സി വരെയുള്ള വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാകാൻ ബൈക്കിന് സാധിച്ചേക്കും. ഇന്ത്യയിലെത്തിയാൽ സുസുക്കി ജിക്സർ 250, കെ ടി എം 250 ഡ്യൂക്ക്, ഹീറോ എക്സ്ട്രീം 250 ആർ തുടങ്ങിയ മോഡലുകളോടായിരിക്കും പ്രധാന മത്സരം.


.gif)


0 Comments