തമിഴക വെട്രി കഴകം സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ സ്ത്രീകളെയും കുട്ടികളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചുള്ള ക്ഷേമ പദ്ധതികളാണ് ശ്രദ്ധേയമായത്. സ്വർണസമ്മാനങ്ങൾ, സ്ത്രീകൾക്കായി പുതിയ ക്ഷേമ പദ്ധതികൾ അങ്ങനെ ടിവികെയുടെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾ അനവധിയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുണ്ടായിരുന്ന നിരവധി പദ്ധതികൾക്ക് ധനമന്ത്രി എൻ. മേരി വിൽസൺ അവതരിപ്പിച്ച ബജറ്റിൽ പച്ചക്കൊടി ലഭിച്ചു.
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കായി 'തായ് മാമൻ തങ്ക മോതിരം' പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകും. ജനന വേളയിൽ കുടുംബങ്ങൾക്ക് സർക്കാരിന്റെ സ്നേഹോപഹാരവും കുട്ടികളുടെ ക്ഷേമത്തിന് പ്രോത്സാഹനവും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, ടിവികെ സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ 'അണ്ണൻ സീർ തിട്ടം'പദ്ധതിക്കും ബജറ്റിൽ അംഗീകാരം ലഭിച്ചു. അർഹരായ നവവധുക്കൾക്ക് ഒരു പവൻ (8 ഗ്രാം) സ്വർണ നാണയവും പട്ടുസാരിയും സൗജന്യമായി നൽകും. പദ്ധതിക്കായി 812 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺമക്കളുടെ വിവാഹച്ചെലവിന് ആശ്വാസം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്ത്രീ ശാക്തീകരണം, ശിശുക്ഷേമം, വിദ്യാഭ്യാസം, യുവജന വികസനം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് ടിവികെ സർക്കാർ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.വിദ്യാർഥികൾക്കായി ലാപ്ടോപ്പ് പദ്ധതി, സൗജന്യ സൈക്കിൾ, ഇന്റഗ്രേറ്റഡ് ഹോസ്റ്റലുകൾ, നൈപുണ്യ വികസന പദ്ധതികൾ എന്നിവയും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമം മുൻനിർത്തിയുള്ള ഈ പ്രഖ്യാപനങ്ങൾ തമിഴ്നാട് ബജറ്റ് 2026-ലെ ഏറ്റവും ശ്രദ്ധേയമായ തീരുമാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുകയാണ്.



.gif)



0 Comments