മഴക്കെടുതി രൂക്ഷമാവുകയാണ്. ജനങ്ങളുടെ ജീവൻ്റെ കാര്യമാണ്. ചെറിയ വീഴ്ചകൾക്ക് പോലും വലിയ വില കൊടുക്കേണ്ടിവരുന്ന നിർണായകമായ സന്ദർഭത്തിൽ സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥയും ഏകോപനമില്ലായ്മയും ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുമ്പോൾ തൊട്ടപ്പുറം ജനങ്ങൾ പ്രാണഭയത്തിലായിരുന്നു. മഴ മുന്നറിയിപ്പ് നൽകുന്നതിലും ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലും ഗുരുതരമായ പാളിച്ച പറ്റിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും കൂടുതൽ മഴപെയ്ത പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നലെ രാവിലെ വരെ ഓറഞ്ച് അലർട്ട് മാത്രമാണുണ്ടായിരുന്നത്. റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല പ്രദേശങ്ങളും വെള്ളത്തിലായിരുന്നുവെന്നത് കെടുകാര്യസ്ഥതയുടെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദ്ദേശപ്രകാരം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചാൽ തന്നെ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ, ജനങ്ങളെ സുരക്ഷിതമായ സ്ഥലത്ത് മാറ്റിപ്പാർപ്പിക്കുന്നതിനും അപകട സാധ്യതാ മേഖലയിൽ നിന്നും ഒഴിപ്പിക്കുന്നതിനും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നും അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ള ജനങ്ങളെ ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തുന്നതിനും സർക്കാർ അടിയന്തര നടപടിസ്വീകരിക്കണമെന്നും അദ്ദേഹം എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.


.gif)


0 Comments