കുണ്ടറ കസ്റ്റഡി മർദ്ദന ആരോപണം:മരണകാരണം ശ്വാസകോശത്തിലെ അണുബാധ;സിയാദിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്ത്

 

കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചതിന് പിന്നാലെ മരിച്ച സിയാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം ശ്വാസകോശത്തിലെ അണുബാധയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മരണത്തിന് കാരണമായ മുറിവുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തില്‍ മഞ്ഞനിറത്തിലുള്ള പഴുപ്പ് കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മരിച്ച സിയാദിന്റെ വലതു കൈത്തണ്ടയില്‍ മുന്‍ഭാഗത്ത് മൂന്നു സെന്റീമീറ്റര്‍ നീളമുള്ള ഏതാനും പോറലുകളും വലതു കൈ മുട്ടില്‍ ഒരു സെന്റീമീറ്ററില്‍ താഴെയുള്ള ഉരഞ്ഞ പാടുകളുമുണ്ട്. ഇടതു കൈത്തണ്ടയുടെ മുട്ടിനോട് ചേര്‍ന്നുള്ള ഭാഗത്തില്‍ 6 സെന്റീമീറ്റര്‍ നീളത്തില്‍ ചതവ് ഉണ്ടായതിന്റെ പാടുകളും കാണാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവുകള്‍ എല്ലാം ഏതാനും ദിവസം പഴക്കമുള്ളവയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിയാദിന്റെ മരണ കാരണം കസ്റ്റഡി മർദ്ദനമാണ് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കസ്റ്റഡിയിലെടുത്ത പ്രതിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണത്തില്‍ കുണ്ടറ സ്റ്റേഷന്‍ സിപിഒ ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്. കൊല്ലം ജില്ലാ പൊലീസ് മേധാവിയാണ് സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് ഉത്തരവിറക്കിയത്.കുണ്ടറ സെസൈറ്റിമുക്ക് സ്വദേശിയായ സിയാദായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ മരിച്ചത്. അയല്‍വാസിയായ 13കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 16 ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ചാണ് സിയാദിനെ പിടിച്ചുകൊണ്ടുപോയത്. സിയാദിനെ വിട്ടുകിട്ടാന്‍ ഭാര്യയും മകളും ജൂണ്‍ 17ന് പുലര്‍ച്ച വരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നു. കാണാനില്ലെന്ന് പറയപ്പെട്ട 13കാരന്‍ പിറ്റേന്ന് രാവിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സിയാദിനെ പൊലീസ് വിട്ടയച്ചത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സിയാദിന്റെ വാരിയെല്ല് തകര്‍ന്ന് ഇന്‍ഫെക്ഷനായെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരിക്കുകയുമായികുന്നു.

പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് സിയാദ് ഇരയായതായി കുടുംബം ആരോപിച്ചിരുന്നു. ജീപ്പില്‍ കയറ്റുമ്പോള്‍ തന്നെ പൊലീസ് മര്‍ദ്ദനം തുടങ്ങിയിരുന്നതായും കുടുംബം പറഞ്ഞിരുന്നു. സിപിഒ ശ്രീജിത്തിന് പുറമേ എസ്‌ഐ അതുലിനെതിരെയും സിയാദിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും മെമ്മോ  നല്‍കിയിരുന്നു.



Post a Comment

0 Comments