പരീക്ഷാ ക്രമക്കേട്: എസ്‌ഐടി അന്വേഷണത്തോട് സഹകരിക്കാതെ PSC, കമ്പ്യൂട്ടര്‍ വിട്ടുനല്‍കുന്നില്ല

 

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് അന്വേഷണവുമായി സഹകരിക്കാതെ പിഎസ്‌സി. പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടര്‍ വിട്ട് നല്‍കില്ലെന്ന നിലപാടിലാണ് പിഎസ്‌സി. പ്രധാന തെളിവ് പിടിച്ചെടുക്കാന്‍ വേണ്ടി കമ്പ്യൂട്ടര്‍ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് എസ്‌ഐടി കത്ത് അയച്ചിരുന്നു. എന്നാല്‍ പരീക്ഷയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ കമ്പ്യൂട്ടര്‍ ആവശ്യമാണെന്നാണ് പിഎസ്‌സി പറയുന്ന ന്യായം. നിലവില്‍ വിഷയത്തില്‍ എസ്‌ഐടി നിയമോപദേശം തേടിയിട്ടുണ്ട്.

അതേസമയം പരീക്ഷാ ക്രമക്കേടില്‍ പരാതി പ്രവാഹം തുടരുകയാണ്. എസ്‌ഐടിക്ക് ലഭിച്ച പരാതികള്‍ 100 കടന്നു. മുഴുവന്‍ പരാതികളിലും എസ്‌ഐടി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എസ്‌ഐടി. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടിലാണ് എസ്‌ഐടി കേസ് എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.ആസൂത്രണ ബോര്‍ഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പിഎസ്സി പ്രസിദ്ധീകരിച്ചതില്‍ ക്രമക്കേടുണ്ടായിരുന്നു. പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെയാണ് ഫലം പിഎസ്സി പ്രസിദ്ധീകരിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.

ഇതില്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ചീഫ് ആയി ഒന്നാം റാങ്കുകാരന്‍ അരുണ്‍ ജെ പ്രതാപിനെ കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നു. ഇടതുസര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് അരുണ്‍ ജെ പ്രതാപ്. മാര്‍ക്കില്‍ സംശയം തോന്നിയ മൂന്നാം റാങ്കുകാരന്‍ കെ ശ്യാം കൃഷ്ണനാണ് ഉത്തരക്കടലാസിനായി പിഎസ്‌സിയെ സമീപിച്ചത്. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗില്‍ 9 മുതല്‍ 18 വരെയുള്ള ചോദ്യങ്ങള്‍ മാര്‍ക്കിടാതെ ഒഴിവാക്കിയതായി കണ്ടതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പിഎസ്‌സി നടത്തിയ പ്രാഥമിക പരിശോധനയില്‍ 228 പേരുടേയും ഉത്തരക്കടലാസുകളില്‍ ഈ ചോദ്യങ്ങള്‍ നോക്കിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.



Post a Comment

0 Comments