കുടുംബ വഴക്കിനെ തുടർന്ന് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനായ പ്രതിക്ക് 15 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ശ്രീ. എ. ഷാനവാസ് ഉത്തരവായി. വെളിനല്ലൂർ വില്ലേജിൽ കരിങ്ങന്നൂർ, ആലുംമൂട് വിഷ്ണു ഭവനിൽ രാഘവൻ മകൻ വിജയൻ (55) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.പ്രതിയുടെ സഹോദരിയുമായുള്ള കുടുംബ വഴക്ക് തുടർന്നുവരവെ പ്രതിയോടൊപ്പം താമസിച്ചുവന്നിരുന്ന അമ്മ പരാതിക്കാരിയുടെ വീട്ടിലേക്ക് എത്തിയതിലുള്ള വിരോധത്തിൽ 2019 നവംബർ 9-ന് വൈകിട്ട് 5 മണിയോടെ പരാതിക്കാരി നടത്തിവന്നിരുന്ന ചായക്കടയിൽ വെട്ടുകത്തിയുമായി അതിക്രമിച്ച് കയറി പരാതിക്കാരിയെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവസമയത്ത് പൂയപ്പള്ളി പോലീസ് ഇൻസ്പെക്ടറായിരുന്ന ആർ. വിനോദ് ചന്ദ്രൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.വിചാരണക്കിടെ പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകളും ഒരു മെറ്റീരിയൽ ഒബ്ജക്ടും തെളിവായി ഹാജരാക്കുകയും ചെയ്തു. ആകെ 15 വർഷം തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 7 വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക അടയ്ക്കുന്ന പക്ഷം അത് ദേഹോപദ്രവം ഏറ്റ പരാതിക്കാരിക്ക് നൽകാനും കോടതി നിർദേശിച്ചു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. വെളിയം കെ. ഷാജി ഹാജരായി.






0 تعليقات